Saturday, January 25, 2025

ട്രോളിംഗ് നിരോധനം ഇന്ന് അവസാനിക്കും: മത്സ്യബന്ധനത്തിന് മുഖംമിനുക്കി യാനങ്ങള്‍

സംസ്ഥാനത്ത് തിങ്കളാഴ്ച അര്‍ധരാത്രിയോടെ ട്രോളിംഗ് നിരോധനം അവസാനിക്കും. പഴയ വലകൾ നന്നാക്കി മത്സ്യത്തൊഴിലാളികളും മുഖംമിനുക്കിയ 3500-ലധികം ബോട്ടുകളും ഇന്ന് അർധരാത്രി മുതല്‍ മത്സ്യബന്ധനത്തിനായി പുറപ്പെടും. ട്രോളിംഗ് നിരോധനം അവസാനിക്കുന്നത് ആശ്വാസമാണെങ്കിലും ഇത്തവണ മഴ കുറഞ്ഞത് മത്സ്യലഭ്യതയെ ബാധിക്കുമോയെന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളികൾ.

52 ദിവസം നീണ്ട ഇടവേളയ്ക്കു ശേഷമാണ് മത്സ്യത്തൊഴിലാളികള്‍ സംസ്ഥാനത്ത് മത്സ്യബന്ധനത്തിനു തയാറെടുക്കുന്നത്. നിരോധനം അവസാനിക്കുന്നതിന്റെ ഭാഗമായി ബോട്ടുകളില്‍ ഐസുകൾ നിറച്ചുതുടങ്ങി. ഇന്ന് അർധരാത്രിയോടെ തന്നെ ബോട്ടുകളിൽ ആദ്യസംഘം മീൻ പിടിക്കാനിറങ്ങുമെന്നാണ് വിവരം.

അതിനിടെ, കായലോരങ്ങളിലും മറ്റുമായി മാറ്റിയിട്ടിരുന്ന ബോട്ടുകളിൽ അവസാനവട്ട പരിശോധന പുരോഗമിക്കുകയാണ്. ബങ്കുകൾ തുറന്നതോടെ ഇന്ധനം നിറയ്ക്കാനും ബോട്ടുകൾ ധാരാളമായി എത്തിത്തുടങ്ങിയിട്ടുണ്ട്. മഴയുടെ ലഭ്യത കുറഞ്ഞത് മത്സ്യത്തൊഴിലാളികളില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ടെങ്കിലും പ്രതീക്ഷ കൈവിടാതെ കടൽ കനിയുമെന്ന വിശ്വാസത്തോടെയാണ് യാനങ്ങള്‍ കടലിലിറങ്ങുന്നത്. അതേസമയം, യന്ത്രവൽകൃത ബോട്ടുകളിൽ മീൻപിടിത്തം തുടങ്ങുന്നതോടെ മീൻവിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സാധാരണക്കാർ.

Latest News