ധനപ്രതിസന്ധി മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ വീണ്ടും ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി ധന വകുപ്പ്. ധന വകുപ്പിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ പത്ത് ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറിനല്കരുതെന്നാണ് നിര്‍ദേശം. നിയന്ത്രണം നടപ്പാക്കുന്നതിനായി സോഫ്റ്റ്വെയറില് മാറ്റങ്ങള്‍ വരുത്തണമെന്ന് ട്രഷറി ഡയറക്ടര്‍ക്ക് ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്കി. ഇതുപ്രകാരം ബില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് മാനേജ്മെന്റ് (ബിംസ്) സോഫ്റ്റ്വെയറില് ബില്‍ പരിധി ഉടന്‍ കുറച്ചേക്കും. ബിംസ് സോഫ്റ്റ്വെയര് വഴിയാണ് ട്രഷറിയിലേക്ക് ബില്‍ സമര്‍പ്പിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി വ്യക്തമാക്കുന്നതാണ് പുതിയ നിയന്ത്രണം. ദൈനംദിന ചെലവിന് അനുമതിയുണ്ടായിരുന്ന ഒരു കോടി രൂപയാണ് ഇപ്പോള്‍ പത്ത് ലക്ഷമായി വെട്ടിക്കുറച്ചത്. നടപ്പുസാമ്പത്തിക വര്‍ഷം തുടക്കത്തിലും സര്‍ക്കാര്‍ സമാനമായ രീതിയില്‍ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അന്ന് നിയന്ത്രണത്തിന്റെ പരിധി 25 ലക്ഷമായിരുന്നു. ഒന്നാം പിണറായി സര്‍ക്കാറിന്റെ അവസാന കാലത്ത് പ്രതിസന്ധി കടുത്തപ്പോള്‍ അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറുന്നതിന് ധന വകുപ്പിന്റെ അനുമതി നിര്‍ബന്ധമാക്കിയിരുന്നു.
നിയന്ത്രണം നിലവില്‍ വരുന്നതോടെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ധന വകുപ്പിന്റെ ഇടപെടല്‍ ആവശ്യമായി വരും. നിശ്ചിത കാലത്തേക്കാണ് നിയന്ത്രണമെന്ന് ധന വകുപ്പ് അധികൃതര്‍ വിശദീകരിക്കുന്നുണ്ടെങ്കിലും എത്രനാളത്തേക്കാണെന്ന് കൃത്യമായി വിശദീകരിച്ചിട്ടില്ല. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ട്രഷറി നിയന്ത്രണമേര്‍പ്പെടുത്താനുള്ള ധന വകുപ്പിന്റെ നടപടി സര്‍ക്കാറിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെയും അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളെയുമുള്‍പ്പെടെ ബാധിച്ചേക്കും.