Tuesday, April 1, 2025

വനവൽക്കരണത്തിന് ആവശ്യമായ മരങ്ങളുടെ വിത്തുകൾക്ക് ക്ഷാമം നേരിടുന്നു: എഫ് എ ഒ

ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിൽ വനവൽക്കരണ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനാവശ്യമായ ഉയർന്ന നിലവാരമുള്ള വിത്തുകൾ ഇല്ലെന്ന് റിപ്പോർട്ട്. ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ-കാർഷിക സംഘടനയുടെ (എഫ് എ ഒ) ലോകത്തിലെ വന ജനിതകവിഭവങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള രണ്ടാമത്തെ റിപ്പോർട്ടിലാണ് ഈ കാര്യം പറയുന്നത്. 2025 മാർച്ച് 26 ന് റോമിൽ നടന്ന ഭക്ഷ്യ-കാർഷിക ജനിതകവിഭവങ്ങളുടെ കമ്മീഷന്റെ 20-ാമത് യോഗത്തിലാണ് ഈ വിവരം  പുറത്തുവന്നത്.

സുസ്ഥിര വനപരിപാലനം, ജൈവവൈവിധ്യ സംരക്ഷണം, വന ധനസഹായം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങളെക്കുറിച്ചും കമ്മീഷൻ യോഗത്തിൽ ചർച്ച ചെയ്തു. 70% രാജ്യങ്ങളിലും വൃക്ഷവിത്ത് പദ്ധതികളുണ്ടെങ്കിലും, അവയിൽ മിക്കതും ആവശ്യം നിറവേറ്റാൻ പര്യാപ്തമല്ലെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. പുനരുദ്ധാരണത്തിനും സംരക്ഷണത്തിനുമായി വൃക്ഷവിത്തുകൾ ശേഖരിക്കുന്നതിനും ഉൽപാദിപ്പിക്കുന്നതിനും സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള സംവിധാനങ്ങളാണ് വൃക്ഷവിത്ത് പദ്ധതികൾ.

ലോകമെമ്പാടും ഓരോ വർഷവും 3.1 ബില്യണിലധികം സസ്യങ്ങൾ വളർത്തുന്നുണ്ടെങ്കിലും ഇത് ഇപ്പോഴും പര്യാപ്തമല്ല. നടുന്ന തൈകളുടെ എണ്ണത്തിൽ ഓരോ രാജ്യങ്ങളിലും വ്യത്യാസമുണ്ട്. ചിലത് പ്രതിവർഷം ഒരു ദശലക്ഷത്തിൽ താഴെ തൈകൾ നടുമ്പോൾ ചിലയിടത്ത് 15 ബില്യൺ വരെയാണ്. ഭൂമിലഭ്യത, വനവൽക്കരണ ലക്ഷ്യങ്ങൾ, സർക്കാർ നിക്ഷേപം തുടങ്ങിയ ഘടകങ്ങൾ ഇതിന് കാരണമാണ്. എന്നിരുന്നാലും ഉയർന്ന നിലവാരമുള്ള വിത്തുകളുടെ അഭാവം മൂലം വലിയ തോതിലുള്ള നടീൽശ്രമങ്ങൾ പലപ്പോഴും പരാജയപ്പെടുന്നുണ്ട്. ലോകമെമ്പാടും നിലവിൽ ഏഴു ദശലക്ഷം ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന ഏകദേശം 83,000 വിത്ത് സ്റ്റാൻഡുകളും 39,000 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന 5,800 വിത്തുതോട്ടങ്ങളുമുണ്ട്. എന്നാൽ ഈ വിഭവങ്ങൾ ഉണ്ടായിരുന്നിട്ടും ഇപ്പോഴും വിത്തുകൾക്ക് ക്ഷാമം നിലനിൽക്കുകയാണ്.

പല രാജ്യങ്ങളും കാടുകളിൽ നിന്നുള്ള വിത്തുശേഖരണവും ഇറക്കുമതിയെയും ആശ്രയിക്കുന്നുണ്ട്. എന്നാൽ, ഈ രീതികൾ പൂർണ്ണമായും സംഭവ്യമാകുന്നില്ല. വളരെ കുറച്ചു രാജ്യങ്ങൾക്കു മാത്രമേ അന്താരാഷ്ട്ര തലത്തിൽ വിത്തുകൾ പരീക്ഷിക്കാനും വ്യാപാരം നടത്താനും ശരിയായ സംവിധാനങ്ങളുള്ളൂ. ഇത് മതിയായ ഗുണനിലവാരമുള്ള വിത്തുകൾ ലഭിക്കുന്നത് ബുദ്ധിമുട്ടിലാക്കുന്നു.

പല വിത്തുകളും ഗുണനിലവാരമില്ലാത്തവയാണ് എന്നതാണ് മറ്റൊരു വലിയ പ്രശ്നം. ലഭ്യമായ പല വിത്തുകളും കാലാവസ്ഥാ വ്യതിയാനം, കീടങ്ങൾ, രോഗങ്ങൾ എന്നിവയെ അതിജീവിക്കാൻ പര്യാപ്തമല്ല. മറ്റൊരു പ്രശ്നം ഫണ്ടിംഗാണ്. സമ്പന്നവും  ദരിദ്രവുമായ പല രാജ്യങ്ങൾക്കും ഫലപ്രദമായ വൃക്ഷ-വിത്ത് പരിപാടികൾ നടത്താൻ ആവശ്യമായ പണമോ, വിദഗ്ധരോ ഇല്ല. അതിനാൽ അടിയന്തര നിക്ഷേപമില്ലാതെ വനങ്ങൾ വളർത്തുന്നതും ജൈവവൈവിധ്യം സംരക്ഷിക്കുന്നതും ബുദ്ധിമുട്ടായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News