അന്യഗ്രഹജീവികൾ ആക്രമിച്ചെന്ന പരാതിയുമായി പെറുവിലെ ഗ്രാമീണര്‍. ഗോത്രവിഭാഗമായ ഇകിതു വിഭാഗക്കാരാണ്, ഒരാഴ്ചയായി തങ്ങള്‍ നേരിടുന്ന ആക്രമണത്തെക്കുറിച്ച് പരാതിയുമായി രംഗത്തെത്തിയത്. എന്നാല്‍ മധ്യ-ദക്ഷിണ അമേരിക്കയില്‍ നിന്നും മുഖംമൂടി ധരിച്ചെത്തിയ അനധികൃത സ്വര്‍ണ്ണഖനനസംഘങ്ങളാണ് ഇവരെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.
പെറുവിലെ ഗോത്രവര്‍ഗക്കാര്‍ പറയുന്നതനുസരിച്ച്, ഭീമാകാരമായ തലയും വെള്ളിനിറവും ഏഴടിയോളം ഉയരവുമുള്ളവയാണ് ഈ ജീവികള്‍. ഇത് പറക്കുന്നവയാണെന്നും കണ്ണിന്റെ പകുതി മഞ്ഞനിറമാണെന്നും പറയുന്നു. തങ്ങളുടെ കൈവശമുള്ള ആയുധങ്ങൾക്കുമുന്നിൽ കീഴടങ്ങാത്ത അക്രമകാരികള്‍ നിരവധി ആളുകളെ അക്രമിച്ചതായും തദ്ദേശീയരായ ഇകിതു വിഭാഗക്കാര്‍ വ്യക്തമാക്കി.
ജൂലൈ 11 മുതലാണ് ഗോത്രവിഭാക്കാര്‍ക്കുനേരെ ഇവർ ആക്രമണം ആരംഭിച്ചത്. ജൂലൈ 29-ന് 15 വയസ്സുള്ള ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാനും ശ്രമംനടത്തി. തട്ടിക്കൊണ്ടുപോകൽ ശ്രമത്തിനിടെ കൗമാരക്കാരിയുടെ കഴുത്തിൽ വെട്ടും മറ്റു മുറിവുകളുമേറ്റതായും ഇകിതു നേതാവ് പറഞ്ഞു. മറ്റൊരാൾക്ക് ഇവരുടെ ആക്രമണത്തിൽ തലയ്ക്ക് മുറിവേറ്റതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ലാറ്റിനമേരിക്കയെ പതിറ്റാണ്ടുകളായി നശിപ്പിച്ചുകൊണ്ടിരിക്കുന്ന ബ്രസീലിലെ, ഒ പ്രൈമിറോ കമാൻഡോ ഡാ കാപ്പിറ്റൽ, കൊളംബിയയുടെ ക്ലാൻ ഡെൽ ഗോൾഫോ തുടങ്ങിയ സ്വർണ്ണമാഫിയകളാണ് ഇകിതുകാര്‍ പറയുന്ന ‘ഏഴടി ഉയരമുള്ള അന്യഗ്രഹജീവികൾ’ എന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഗോത്രവിഭാഗക്കാരെ ഭയപ്പെടുത്തി അനധികൃത സ്വർണ്ണഖനികളിൽ നിന്ന് അവരെ അകറ്റിനിർത്തുകയാണ് ഇവരുടെ ലക്ഷ്യമെന്ന് പ്രോസിക്യൂട്ടർമാർ അവകാശപ്പെടുന്നു. പെറൂവിയൻ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഈ സ്വർണ്ണമാഫിയ ഗ്രൂപ്പുകളെ അവരുടെ സ്വന്തം രാജ്യങ്ങളിൽനിന്ന് സൈനികർ പുറത്താക്കിയതാണ്. ഇപ്പോൾ അനധികൃതമായി സ്വർണ്ണം കുഴിച്ചെടുക്കാനായി പെറുവിലേക്ക് എത്തിയതാണ് ഇവർ. അനധികൃത ഖനനസംഘങ്ങൾ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രദേശത്തിനകത്തും പുറത്തും സഞ്ചരിക്കുകയാണെന്നും നിലവിൽ അന്വേഷണം നടക്കുന്നുണ്ടെന്നുമാണ് റിപ്പോർട്ടുകൾ.