2024-ലെ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹരായി ഡേവിഡ് ബേക്കർ, ഡെമിസ് ഹസാബിസ്, ജോൺ എം. ജമ്പർ എന്നീ മൂന്നു ഗവേഷകർ. ജീവന്റെ തന്ത്രപ്രധാനമായ രാസ ഉപകരണങ്ങളായ പ്രോട്ടീനുകളെക്കുറിച്ചുള്ള പഠനം നടത്തിയ ഗവേഷകർക്കാണ് അംഗീകാരം.
ഗവേഷകനായ ഡേവിഡ് ബേക്കർ തികച്ചും പുതിയ തരത്തിലുള്ള പ്രോട്ടീനുകൾ നിർമ്മിക്കുന്നതിൽ നേട്ടം കൈവരിച്ചു. അദ്ദേഹത്തിന്റെ സഹജേതാക്കളായ ഡെമിസ് ഹസാബിസും ജോൺ ജമ്പറും 50 വർഷം പഴക്കമുള്ള ഒരു പ്രശ്നം പരിഹരിക്കാൻ ഒരു എ. ഐ. മോഡൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് പ്രോട്ടീനുകളുടെ സങ്കീർണ്ണഘടനകൾ പ്രവചിക്കുന്നു; ഈ കണ്ടുപിടുത്തങ്ങൾക്ക് വലിയ സാധ്യതകളുണ്ട്.
ഈ വർഷം ആദ്യം ടൈം മാഗസിൻ വാഷിംഗ്ടൺ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്രോട്ടീൻ ഡിസൈനിന്റെ ഡയറക്ടർ ഡേവിഡ് ബേക്കറിനെ 2024-ൽ ആരോഗ്യരംഗത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ നൂറ് ആളുകളിൽ ഒരാളായി തെരഞ്ഞെടുത്തിരുന്നു. ഡേവിഡ് ബേക്കർ 1962-ൽ യു. എസ്. എ.യിലെ സിയാറ്റിലിൽ ജനിച്ചു. 1989-ൽ കാലിഫോർണിയ സർവകലാശാലയിൽനിന്ന് പിഎച്ച്ഡി നേടി. അമേരിക്കയിലെ വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറാണ് ബേക്കർ.
1976-ൽ യു. കെ. യിലെ ലണ്ടനിലാണ് ഡെമിസ് ഹസാബിസ് ജനിച്ചത്. ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിൽനിന്ന് 2009-ലാണ് പിഎച്ച്ഡി നേടിയത്. യു. കെ. യിലെ ഗൂഗിൾ ഡീപ് മൈൻഡിന്റെ സി. ഇ. ഒ. യാണ് അദ്ദേഹം.
ജോൺ എം. ജമ്പർ 1985-ൽ യു. എസ്. എ. യിലെ ലിറ്റിൽ റോക്കിൽ ജനിച്ചു. ചിക്കാഗോ സർവകലാശാലയിൽനിന്ന് 2017 പിഎച്ച്ഡി നേടി. യു. കെ. യിലെ ഗൂഗിൾ ഡീപ് മൈൻഡിലെ സീനിയർ റിസർച്ച് സയന്റിസ്റ്റാണ് ജമ്പർ.
സാഹിത്യം, സമാധാനം, സാമ്പത്തികശാസ്ത്രം എന്നിവയ്ക്കുള്ള നൊബേൽ സമ്മാനങ്ങൾ വരുംദിവസങ്ങളിൽ പ്രഖ്യാപിക്കും.