Tuesday, November 26, 2024

ഇനി ആഡംബര യാത്ര; ഇന്ത്യയിലെ ഏറ്റവും മികച്ച ലക്ഷ്വറി ബസുകള്‍ സ്വന്തമാക്കി കെഎസ്ആര്‍ടിസി

ദീര്‍ഘദൂര സര്‍വീസ് ബസുകളിലെ യാത്രക്കാര്‍ക്ക് മികച്ച യാത്രാ സൗകര്യം ഒരുക്കുന്നതിന് വേണ്ടി കെഎസ്ആര്‍ടിസി വാങ്ങിയ രാജ്യത്തെ ഏറ്റവും മികച്ച ലക്ഷ്വറി ബസ് നാളെ തിരുവനന്തപുരത്ത് എത്തും. വോള്‍വോയുടെ സ്ലീപ്പര്‍ ബസുകളില്‍ ആദ്യത്തെ ബസാണ് നാളെ തിരുവനന്തപുരത്ത് എത്തുന്നത്. വോള്‍വോ ഷാസിയില്‍ വോള്‍വോ തന്നെ ബോഡി നിര്‍മ്മിച്ച ഇന്ത്യയിലെ തന്നെ ആദ്യ 8 സ്ലീപ്പര്‍ ബസുകളാണ് ഈ മാസം കെഎസ്ആര്‍ടിക്ക് കൈമാറുന്നത്. വോള്‍വോ ബി 11ആര്‍ ഷാസി ഉപയോഗിച്ച് നിര്‍മ്മിച്ച ബസുകളാണ് കെഎസ്ആര്‍ടിസി സിഫ്റ്റിലേക്ക് വേണ്ടി എത്തുന്നത്.

ഇത് കൂടാതെ അശോക് ലൈലാന്റ് കമ്പിനിയുടെ ലക്ഷ്വറി ശ്രേണിയില്‍പ്പെട്ട 20 സെമി സ്ലീപ്പര്‍, 72 എയര്‍ സസ്പെന്‍ഷന്‍ നോണ്‍ എ.സി ബസുകളും ഘട്ടം ഘട്ടമായി ഈ മാസവും അടുത്ത മാസവും കൊണ്ട് കെഎസ്ആര്‍ടിസിക്ക് ലഭിക്കും. കെഎസ്ആര്‍ടിസി സിഫ്റ്റ് ഈ ബസുകള്‍ ഉപയോഗിച്ച് കെഎസ്ആര്‍ടിസിക്ക് വേണ്ടി ദീര്‍ഘ ദൂര സര്‍വീസുകള്‍ ആരംഭിക്കും.

ഏഴ് വര്‍ഷം കഴിഞ്ഞ കെഎസ്ആര്‍ടിസിയുടെ 704 ബസുകള്‍ക്ക് ഘട്ടം ഘട്ടമായി മാറ്റുന്നതിന് വേണ്ടിയാണ് പുതിയ ബസുകള്‍ സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ എത്തുന്നത്. ഇത് ഓപ്പറേറ്റ് ചെയ്യുന്നത് കെഎസ്ആര്‍ടിസി സിഫ്റ്റാണ്.

കെഎസ്ആര്‍ടിസി സിഫ്റ്റിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലേക്കുള്ള നിയമന നടപടിയുടെ ഭാഗമായുള്ള റാങ്ക് ലിസ്റ്റ് ഈ ആഴ്ച തന്നെ പ്രസിദ്ധീകരിക്കുകയും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാനെജ്മെന്റ് സ്ഥാപനങ്ങളില്‍ പരിശീലനവും നല്‍കുകയും ചെയ്യും. 2017 ന് ശേഷം ആദ്യമായാണ് അത്യാധുനിക ശ്രേണിയില്‍പ്പെട്ട ബസുകള്‍ കെഎസ്ആര്‍ടിസിക്കായി വാങ്ങുന്നത്.

കെഎസ്ആര്‍ടിസിയുടെ നവീകരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അനുവദിച്ച 50 കോടി രൂപയില്‍ നിന്നും 44.84 കോടി രൂപ ഉപയോഗിച്ചാണ് അത്യാധുനിക ശ്രേണിയില്‍ ഉള്ള 100 പുതു പുത്തന്‍ ബസുകള്‍ പുറത്തിറക്കുന്നത്. ഇതോടെ ദീര്‍ഘ ദൂരയാത്രക്കാരെ കൂടുതലായി കെഎസ്ആര്‍ടിസിയിലേക്ക് ആകര്‍ഷിക്കാനുമാകും. ബാക്കിയുള്ള 5.16 കോടി രൂപയ്ക്ക് 16 ബസുകള്‍ കൂടി ടെണ്ടര്‍ നിരക്കില്‍ തന്നെ അധികമായി വാങ്ങുവാനുള്ള ഉത്തരവും സര്‍ക്കാര്‍ നല്‍കിയിട്ട്. ഇതോടെ 116 ബസുകളാണ് ഉടന്‍ കെഎസ്ആര്‍ടിസി സിഫ്റ്റില്‍ എത്തുന്നത്.

 

Latest News