വെനിസ്വേലൻ കുടിയേറ്റക്കാരെ നാടുകടത്തുന്നതിനെ ന്യായീകരിച്ച് ട്രംപ് ഭരണകൂടം. ഈ നീക്കം ജഡ്ജി തടയുകയും നാടുകടത്തപ്പെട്ടവർ ഗുണ്ടാസംഘാംഗങ്ങളാണെന്ന യു എസ് ഉദ്യോഗസ്ഥരുടെ വാദങ്ങൾ വെനിസ്വേല നിഷേധിക്കുകയും ചെയ്തു. ഇത് ആധുനിക യുദ്ധമാണെന്നും ഞങ്ങൾ ഇതിനെതിരെ പോരാടുകയും അമേരിക്കൻ പൗരന്മാരെ ഓരോ ഘട്ടത്തിലും സംരക്ഷിക്കുകയും ചെയ്യുമെന്ന് അറ്റോർണി ജനറൽ പാം ബോണ്ടി പറഞ്ഞു.
കഴിഞ്ഞ വാരാന്ത്യത്തിൽ 137 വെനിസ്വേലൻ കുടിയേറ്റക്കാരെ എൽ സാൽവഡോറിലേക്കു നാടുകടത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം ന്യായീകരിക്കാവുന്നതാണെന്ന് ബോണ്ടി പറഞ്ഞു. കാരണം അവർ വെനിസ്വേലയുടെ ഭയപ്പെടുന്ന ട്രെൻ ഡി അരാഗ്വ സംഘത്തിലെ അംഗങ്ങളായിരുന്നെന്നും സുരക്ഷാഭീഷണി ഉയർത്തുകയും ചെയ്തതായി അവർ പറഞ്ഞു.
എന്നാൽ യു എസ്, എൽ സാൽവഡോറിലേക്കു നാടുകടത്തിയ വെനിസ്വേലക്കാരിൽ ആരും വാഷിംഗ്ടൺ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച സംഘത്തിലെ അംഗങ്ങളല്ലെന്ന് വെനിസ്വേലയുടെ ആഭ്യന്തരമന്ത്രി ഡിയോസ്ഡാഡോ കാബെല്ലോ പറഞ്ഞു. 1798 ലെ ഏലിയൻ എനിമീസ് ആക്ട് എന്ന യുദ്ധകാല നിയമം ഉപയോഗിച്ചാണ് നാടുകടത്തൽ നടപ്പാക്കുന്നത്. കുടിയേറ്റക്കാർ അക്രമാസക്തമായ കുറ്റകൃത്യങ്ങൾ ചെയ്യുകയും വെനിസ്വേലയിലേക്ക് പണം തിരിച്ചയയ്ക്കുകയും ചെയ്തുവെന്ന് ആരോപിച്ചായിരുന്നു നാടുകടത്തൽ.