ക്രിമിയയുടെ റഷ്യൻ നിയന്ത്രണം കീവ് അംഗീകരിക്കില്ലെന്നു പറഞ്ഞതിനു ശേഷം യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയെ വിമർശിച്ച് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സെലെൻസ്കിയുടെ പ്രകോപനപരമായ പരാമർശങ്ങൾ റഷ്യയുമായുള്ള സമാധാനചർച്ചകൾക്ക് വളരെ ദോഷകരമായി ബാധിക്കുമെന്ന് ട്രംപ് പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഒരു കരാർ വളരെ അടുത്തായിരുന്നു എന്നും എന്നാൽ, യു എസ് നിബന്ധനകൾ അംഗീകരിക്കാൻ സെലെൻസ്‌കി വിസമ്മതിക്കുന്നത് സംഘർഷം നീട്ടുകയല്ലാതെ മറ്റൊന്നും ചെയ്യില്ല എന്നും അദ്ദേഹം തന്റെ സോഷ്യൽ മീഡിയ ട്രൂത്തിലൂടെ കുറ്റപ്പെടുത്തി.
നേരത്തെ, യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഒരു കരാറിനായുള്ള യു എസ് കാഴ്ചപ്പാട് വിശദീകരിച്ചിരുന്നു. കരാർ പ്രകാരം നിലവിൽ യുക്രൈനും റഷ്യയും കൈവശം വച്ചിരിക്കുന്ന ചില പ്രദേശങ്ങൾ ഇരുകൂട്ടരും ഉപേക്ഷിക്കേണ്ടിവരുമെന്ന് വാൻസ് പറഞ്ഞു. അതേസമയം, ഭൂമിശാസ്ത്രപരമായ എന്തെല്ലാം ഇളവുകൾ നൽകേണ്ടിവരുമെന്ന് ഭരണകൂടം ഇതുവരെ പരസ്യമായി വ്യക്തമാക്കിയിട്ടില്ല.
ക്രിമിയയുടെ മേലുള്ള റഷ്യയുടെ പരമാധികാരം ഭരണകൂടം അംഗീകരിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, യുദ്ധം അവസാനിക്കുന്നതു കാണാൻ മാത്രമാണ് താൻ ആഗ്രഹിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. “എനിക്ക് പ്രിയപ്പെട്ടവരൊന്നുമില്ല. പ്രിയപ്പെട്ടവരൊന്നും വേണ്ട. ഒരു കരാർ ഉണ്ടാക്കണം” എന്നാണ് ട്രംപ് പറഞ്ഞത്.
റഷ്യയുടെ ക്രിമിയയിലെ നിയമവിരുദ്ധ അധിനിവേശം അംഗീകരിക്കുന്നത് സെലെൻസ്കിക്ക് രാഷ്ട്രീയമായി അംഗീകരിക്കാൻ കഴിയില്ല. മാത്രമല്ല, അതിർത്തികൾ ബലപ്രയോഗത്തിലൂടെ മാറ്റാൻ പാടില്ല എന്ന യുദ്ധാനന്തര അന്താരാഷ്ട്ര നിയമ മാനദണ്ഡങ്ങൾക്കു വിരുദ്ധവുമായിരിക്കും അത്. ക്രിമിയൻ ഉപദ്വീപിന്മേലുള്ള അവകാശവാദം തന്റെ രാജ്യം ഉപേക്ഷിക്കണമെന്ന നിർദേശം അദ്ദേഹം നിരന്തരം നിരസിച്ചു. ഇത് ഭരണഘടനയ്ക്ക് എതിരാണെന്നാണ് സെലെൻസ്കിയുടെ വാദം.