റഷ്യയുടെ ആക്രമണത്തിനെതിരെ യുക്രൈൻ പ്രതിരോധം തുടരുമ്പോൾ, കീവ് നഗരത്തിന് ഭാവിയിൽ ആവശ്യമായ സൈനിക സഹായത്തിനു പകരമായി യുക്രൈന്റെ ധാതുനിക്ഷേപങ്ങൾ ലഭ്യമാക്കണമെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. യുക്രൈനിലെ യുദ്ധത്തോടുള്ള ട്രംപിന്റെ ഈ സമീപനം പൂർണ്ണമായും അപ്രതീക്ഷിതമായിരുന്നില്ല. യു എസും മറ്റ് പാശ്ചാത്യരാജ്യങ്ങളും വളരെക്കാലമായി യുക്രൈന്റെ ധാതുസമ്പത്തിൽ കണ്ണുവച്ചിട്ടുണ്ട്.
2022 ഫെബ്രുവരിയിൽ റഷ്യ, രാജ്യത്ത് പൂർണ്ണതോതിലുള്ള അധിനിവേശം ആരംഭിച്ചതിനുശേഷം മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ കീഴിൽ, യു എസ് യുക്രൈന് 65.9 ബില്യൺ ഡോളർ സൈനിക സഹായം നൽകിയിരുന്നു. യുക്രൈന്റെ വിജയം അമേരിക്കയുടെ സ്വന്തം സുരക്ഷയ്ക്ക് നിർണ്ണായകമായതിനാൽ സഹായം ആവശ്യമാണെന്ന് ബൈഡൻ വാദിച്ചു. എന്നിരുന്നാലും, എന്തെങ്കിലും പ്രതിഫലമായി ലഭിക്കാതെ യു എസ് സഹായം നൽകുന്നത് തുടരണമെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ട്രംപ് വ്യക്തമാക്കി.
കീവിൽ നിന്ന് എന്താണ് ആഗ്രഹിക്കുന്നതെന്ന ഒരു വിശദാംശങ്ങളും ട്രംപ് നൽകിയില്ലെങ്കിലും, ധാതുക്കളുടെ കാര്യത്തിൽ യു എസും യുക്രൈനും തമ്മിലുള്ള ആഴത്തിലുള്ള സഹകരണം രൂപപ്പെടുത്തുന്ന ഒരു കരാർ ജനുവരിയിൽ അദ്ദേഹം അധികാരമേറ്റെടുക്കുന്നതിനുമുമ്പ് മാസങ്ങളായി ചർച്ചയിലായിരുന്നു. കഴിഞ്ഞ വർഷം ബൈഡൻ ഭരണകൂടത്തിനുകീഴിൽ തയ്യാറാക്കിയ ധാരണാപത്രത്തിൽ, യുക്രൈനിലെ ഖനനപദ്ധതികളിലെ നിക്ഷേപ അവസരങ്ങൾ അമേരിക്കൻ കമ്പനികളെ യു എസ് പ്രോത്സാഹിപ്പിക്കുമെന്ന് പറഞ്ഞിരുന്നു. 2021 ൽ ഒപ്പുവച്ച സമാനമായ ഒരു കരാർ ഇതിനകം യൂറോപ്യൻ യൂണിയനുമായി യുക്രൈനുണ്ട്.
ട്രംപിന്റെ അഭിപ്രായങ്ങളോട് കീവ് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ തന്ത്രപരമായി പ്രധാനപ്പെട്ട ഈ വിഭവങ്ങൾ റഷ്യയുടെ കൈകളിലേക്കു പോകുന്നത് തടയാൻ പടിഞ്ഞാറൻ രാജ്യങ്ങൾ യുക്രൈനെ പിന്തുണയ്‌ക്കേണ്ട ഒരു കാരണം തങ്ങളുടെ ധാതുനിക്ഷേപങ്ങളാണെന്ന് യുക്രൈൻ സർക്കാർ മുമ്പ് വാദിച്ചിരുന്നു.
അമേരിക്കയ്ക്ക് ആവശ്യമായ ധാതുക്കൾക്കായി ഇറക്കുമതിയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. അവയിൽ പലതും ചൈനയിൽ നിന്നാണ്. നിർണ്ണായകമെന്ന് തരംതിരിച്ചിരിക്കുന്ന 50 ധാതുക്കളിൽ 12 എണ്ണം ഇറക്കുമതിയെ ആശ്രയിച്ചിരിക്കുന്നു. അതേസമയം, യുക്രൈനിലെ സർക്കാർ പറയുന്നതനുസരിച്ച്, നിർണ്ണായകമായ ഈ അമ്പതു വസ്തുക്കളിൽ 22 എണ്ണത്തിന്റെയും നിക്ഷേപം യുക്രൈനിലുണ്ട്.
“യുദ്ധാനന്തര സാമ്പത്തിക വീണ്ടെടുക്കലിനുള്ള നിർണ്ണായകമായ ഒരു ചുവടുവയ്പ്പ് മാത്രമല്ല, ആഗോള വിതരണശൃംഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ യു എസിന് ഇതൊരു അവസരവുമാണ്” – 2014 മുതൽ 2019 വരെ യുക്രേനിയൻ പാർലമെന്റ് അംഗമായും ഊർജസുരക്ഷയും പരിവർത്തനവും സംബന്ധിച്ച പാർലമെന്ററി കമ്മിറ്റിയുടെ തലവനായിരുന്ന കാറ്റ്സർ-ബുച്ച്കോവ്സ്ക പറഞ്ഞു.
ആഗോളതലത്തിൽ നോക്കുകയാണെങ്കിൽ യുക്രൈനിൽ ഗണ്യമായ അളവിൽ അപൂർവ ഭൗമധാതുക്കളുടെ ശേഖരമില്ല. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ ഗ്രാഫൈറ്റ്, ലിഥിയം, ടൈറ്റാനിയം, ബെറിലിയം, യുറേനിയം എന്നിവയുടെ നിക്ഷേപം ഇവിടെയുണ്ട്. ഇവയെല്ലാം യു എസ് നിർണ്ണായക ധാതുക്കളായി തരംതിരിച്ചിട്ടുണ്ട്. ഈ കരുതൽശേഖരങ്ങളിൽ ചിലത് നിലവിൽ റഷ്യൻ അധിനിവേശത്തിലുള്ള പ്രദേശങ്ങളിലാണ്.
അപൂർവ ഭൂമിധാതുക്കളുടെയും തന്ത്രപ്രധാനമായ മറ്റു വസ്തുക്കളുടെയും ആഗോള ഉൽപാദനത്തിൽ ചൈന വളരെക്കാലമായി ആധിപത്യം പുലർത്തിയിരുന്നു. സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിന്റെ (CSIS) കണക്കനുസരിച്ച്, അപൂർവ ഭൂമിധാതുക്കളുടെ ആഗോളസംസ്കരണത്തിന്റെ ഏകദേശം 90% ചൈനയാണ് വഹിക്കുന്നത്. അതിനു പുറമെ, ലോകത്തിലെ ഏറ്റവും വലിയ ഗ്രാഫൈറ്റ്, ടൈറ്റാനിയം എന്നിവയുടെ ഉൽപാദകരും ലിഥിയം സംസ്കരണത്തിൽ പ്രധാനപങ്ക് വഹിക്കുന്ന രാജ്യവുമാണ് ചൈന.
വാഷിംഗ്ടണും ബീജിംഗും തമ്മിലുള്ള ഏറ്റവും പുതിയ വ്യാപാര തർക്കം, അമേരിക്കയ്ക്ക് ബദൽ വിതരണക്കാരെ തേടുന്നത് കൂടുതൽ പ്രധാനമാക്കുന്നു.