Monday, April 14, 2025

സ്മാർട്ട്‌ ഫോണുകളെയും കമ്പ്യൂട്ടറുകളെയും പുതിയ താരിഫുകളിൽ നിന്ന് ഒഴിവാക്കി ട്രംപ്

സ്മാർട്ട്‌ ഫോണുകൾ, കമ്പ്യൂട്ടറുകൾ, മറ്റു ചില ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയെ പരസ്പര താരിഫുകളിൽ നിന്ന് ഒഴിവാക്കി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈനീസ് ഇറക്കുമതിക്കു ചുമത്തിയ 125% ലെവികളും ഇതിൽ ഉൾപ്പെടുന്നു.

ട്രംപിന്റെ, മിക്ക രാജ്യങ്ങൾക്കുമുള്ള 10% ആഗോള താരിഫിൽ നിന്നും വളരെ വലിയ ചൈനീസ് ഇറക്കുമതി നികുതിയിൽ നിന്നും ഈ സാധനങ്ങൾ ഒഴിവാക്കപ്പെടുമെന്ന് വിശദീകരിച്ചുകൊണ്ട് യു എസ് കസ്റ്റംസ് ആൻഡ് ബോർഡർ പട്രോൾ ഒരു അറിയിപ്പ് പ്രസിദ്ധീകരിച്ചു. ഇലക്ട്രോണിക് ഉപകരണങ്ങൾ പലതും ചൈനയിൽ നിർമ്മിച്ചതായതിനാൽ അവയുടെ വില കുതിച്ചുയരുമെന്ന് യു എസ് ടെക് കമ്പനികൾ ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഈ നീക്കം.

ചൈനയ്‌ക്കെതിരായ ട്രംപിന്റെ താരിഫുകളിൽ ആദ്യത്തെ പ്രധാന ഇളവാണിത്. ഒരു വ്യാപാര വിശകലന വിദഗ്ദ്ധൻ ഇതിനെ ‘ഗെയിം-ചേഞ്ചർ സാഹചര്യം’ എന്നു വിശേഷിപ്പിച്ചു.

ഏപ്രിൽ അഞ്ചു മുതൽ പ്രാബല്യത്തിൽവരുന്ന ഇളവുകളിൽ സെമികണ്ടക്ടറുകൾ, സോളാർ സെല്ലുകൾ, മെമ്മറി കാർഡുകൾ എന്നിവയുൾപ്പെടെയുള്ള മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഘടകങ്ങളും ഉൾപ്പെടുന്നു. ടെക് നിക്ഷേപകരുടെ സ്വപ്നസാധ്യതയാണ് ഇതെന്ന് വെഡ്ബുഷ് സെക്യൂരിറ്റീസിലെ ടെക്നോളജി ഗവേഷണത്തിന്റെ ആഗോള തലവനായ ഡാൻ ഐവ്സ് എക്സിൽ പോസ്റ്റ് ചെയ്തു.

ആപ്പിൾ, എൻവിഡിയ, മൈക്രോസോഫ്റ്റ് തുടങ്ങിയ വൻകിട ടെക് കമ്പനികൾക്കും വിശാലമായ ടെക് വ്യവസായത്തിനും ഈ വാരാന്ത്യത്തിൽ വലിയ ആശ്വാസം ലഭിക്കും. കമ്പനികൾക്ക് ഉൽപാദനം യു എസിലേക്കു മാറ്റാൻ കൂടുതൽ സമയം ഉറപ്പാക്കുന്നതിനാണ് ഇളവുകൾ നൽകിയതെന്നും വൈറ്റ് ഹൗസ് സൂചിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News