വെടിനിർത്തൽ ചർച്ചകളിൽ പുടിനോട് അതൃപ്തി രേഖപ്പെടുത്തി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുക്രൈനിൽ വെടിനിർത്തൽ ചർച്ചകൾക്കുവേണ്ടി ആഴ്ചകളായി നടക്കുന്ന ശ്രമങ്ങൾക്കുശേഷം, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനോട് താൻ വളരെ ദേഷ്യത്തിലാണെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. എൻ ബി സി ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുടെ വിശ്വാസ്യതയെ ആക്രമിച്ചതിനാണ് പുടിനോട് തനിക്ക് അതൃപ്തിയുണ്ടെന്ന് യു എസ് പ്രസിഡന്റ് പറഞ്ഞത്.
“യുക്രൈനിലെ രക്തച്ചൊരിച്ചിൽ തടയുന്നതിൽ റഷ്യയ്ക്കും എനിക്കും ഒരു കരാറിലെത്താൻ കഴിയുന്നില്ലെങ്കിൽ, അത് റഷ്യയുടെ തെറ്റാണെന്ന് ഞാൻ കരുതുന്നു. മാത്രമല്ല, റഷ്യയിൽനിന്നു വരുന്ന എല്ലാ എണ്ണയ്ക്കും ഞാൻ ദ്വിതീയ താരിഫ് ചുമത്താൻ പോകുന്നു” എന്നാണ് അദ്ദേഹം പറഞ്ഞത്. പുടിനും റഷ്യയ്ക്കുമെതിരെയുള്ള ട്രംപിന്റെ സ്വരത്തിലെ മാറ്റത്തെയാണ് ഈ അഭിപ്രായങ്ങൾ സൂചിപ്പിക്കുന്നത്.
യുക്രൈനിൽ വെടിനിർത്തൽ സംബന്ധിച്ച ചർച്ചകൾ തുടരുന്നതിനിടെ, ട്രംപ് പുടിനുമായി അടുപ്പത്തിലാണെന്ന് യൂറോപ്യൻ നേതാക്കൾക്ക് ആശങ്കയുണ്ടായിരുന്നു. കഴിഞ്ഞ ആറാഴ്ചയായി ട്രംപ്, ഓവൽ ഓഫീസിൽ സെലെൻസ്‌കിയെ കുറ്റപ്പെടുത്തുകയും യുക്രൈൻ പ്രസിഡന്റിൽ നിന്ന് നിരവധി ഇളവുകൾ ആവശ്യപ്പെടുകയും ചെയ്തു. അതേസമയം, അദ്ദേഹം പുടിനെ പ്രശംസിക്കുകയും റഷ്യൻ പ്രസിഡന്റിന്റെ ആവശ്യങ്ങൾക്ക് വഴങ്ങുകയും ചെയ്തിരുന്നു.
ഇതാദ്യമായാണ് വെടിനിർത്തൽ ചർച്ചകളിൽ റഷ്യയ്‌ക്കെതിരെ യു എസ് ഗൗരവമായി ഭീഷണി ഉയർത്തുന്നത്. പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നു തന്നെയാണ് യു എസ് ഭീഷണിയിൽ പറയുന്നത്. സെലെൻസ്‌കിയുടെ നേതൃത്വത്തിന്റെ വിശ്വാസ്യതയെ പുടിൻ വിമർശിച്ചപ്പോൾ താൻ വളരെ ദേഷ്യത്തിലാണെന്നും ആ അഭിപ്രായത്തിൽ അസ്വസ്ഥനാണെന്നും, 10 മിനിറ്റ് നീണ്ടുനിന്ന ഫോൺ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.