കമല ഹാരിസിന്റെ ഭർത്താവും ജൂതവംശജനുമായ ഡഗ് എംഹോഫിനെയും മുൻ പ്രസിഡന്റ് ജോ ബൈഡൻ നിയമിച്ച മറ്റ് നിരവധി ബോർഡ് അംഗങ്ങളെയും യു എസ് ഹോളോകോസ്റ്റ് മെമ്മോറിയൽ കൗൺസിലിൽനിന്ന് പുറത്താക്കി. ബൈഡൻ ഭരണകൂടത്തിലെ ഏറ്റവും പ്രമുഖ ജൂതവ്യക്തികളിൽ ഒരാളും യഹൂദവിരുദ്ധതയ്‌ക്കെതിരെ പോരാടുന്നതിൽ ഒരു മുൻനിര ദേശീയ ശബ്ദവുമായിരുന്നു എംഹോഫ്.
“ഇന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഹോളോകോസ്റ്റ് മെമ്മോറിയൽ കൗൺസിലിൽ നിന്ന് എന്നെ പുറത്താക്കിയതായി എനിക്ക് വിവരം ലഭിച്ചു. ഹോളോകോസ്റ്റ് അനുസ്മരണവും വിദ്യാഭ്യാസവും ഒരിക്കലും രാഷ്ട്രീയവൽക്കരിക്കരുത്. ചരിത്രത്തിലെ ഏറ്റവും മോശമായ അതിക്രമങ്ങളിലൊന്നിനെ ഒരു വെഡ്ജ് പ്രശ്നമാക്കി മാറ്റുന്നത് അപകടകരമാണ്. കൂടാതെ, ഈ മ്യൂസിയം സംരക്ഷിക്കുന്നതിനായി സൃഷ്ടിച്ച നാസികളാൽ കൊല്ലപ്പെട്ട ആറു ദശലക്ഷം ജൂതന്മാരുടെ ഓർമ്മയെ അപമാനിക്കുന്നതിനു തുല്യമാണ് ഇത്” – എംഹോഫ് ഒരു പ്രസ്താവനയിൽ പറഞ്ഞു.
മുൻ പ്രസിഡന്റ് ജോ ബൈഡൻ, തന്റെ പ്രസിഡന്റ് കാലാവധി അവസാനിക്കുന്നതിനു മുൻപുതന്നെ എംഹോഫിനെ കൗൺസിലിലേക്കു നിയമിച്ചിരുന്നു. സാധാരണയായി, ഒരു കൗൺസിൽ സീറ്റിന് അഞ്ചുവർഷത്തെ കാലാവധിയുണ്ട്. പ്രസിഡന്റ് 55 ബോർഡ് അംഗങ്ങളെ നിയമിക്കും. പ്രതിനിധിസഭയിൽ നിന്നും സെനറ്റിൽ നിന്നും 10 പേരെയും പ്രസിഡന്റിന്റെ മന്ത്രിസഭയിൽ നിന്ന് മൂന്നുപേരെയുമാണ് നിയമിക്കുന്നത്.