ഇറാനുമായുള്ള ആണവപദ്ധതി പരിമിതപ്പെടുത്തുന്നതിനുള്ള കരാറിൽ ചർച്ച നടത്തുന്നതിനായി, ഇറാനിയൻ ആണവകേന്ദ്രങ്ങളിൽ ഇസ്രായേൽ ആസൂത്രണം ചെയ്ത ആക്രമണം യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തടഞ്ഞതായി റിപ്പോർട്ട്. ജൂതരാഷ്ട്രത്തിന് പിന്തുണ നൽകണോ അതോ നയതന്ത്രപരമായ ഒരു പാത പിന്തുടരണോ എന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കു ശേഷമാണ് ട്രംപിന്റെ ഈ തീരുമാനം.
വാഷിംഗ്ടണിലെ ചിലർ ഈ സമീപനത്തെ അനുകൂലിച്ചു. ഈ ആക്രമണം ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ആണവശേഷികളെ നശിപ്പിക്കുമെന്ന് മറ്റുള്ളവർ സംശയിച്ചിരുന്നു. എന്നിരുന്നാലും, ഇറാൻ ചർച്ചകൾക്കു സമ്മതിച്ചതിനാൽ സൈനിക നടപടിയെടുക്കരുതെന്ന് തീരുമാനിക്കുകയായിരുന്നു.
ഏപ്രിൽ മാസത്തിന്റെ തുടക്കത്തിൽ തന്നെ പ്രസിഡന്റ് തന്റെ തീരുമാനം ഇസ്രായേലിനെ അറിയിച്ചിരുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വാഷിംഗ്ടൺ സന്ദർശനത്തിനു കാരണമായതും ഇതാണ്. അടുത്ത മാസം ഇറാനിയൻ ആണവകേന്ദ്രങ്ങൾ ആക്രമിക്കാൻ ഇസ്രായേൽ പദ്ധതികൾ തയ്യാറാക്കിയിരുന്നതായി റിപ്പോർട്ടുകളുണ്ട്. യു എസ് പിന്തുണയോടെ അത് നടപ്പിലാക്കാൻ ഐ ഡി എഫ് തയ്യാറായിരുന്നു.