ആഗോളവിപണിയിൽ ഇടിവ് തുടരുന്നതിനാൽ ചൈന ഏർപ്പെടുത്തിയ 34% കൗണ്ടർ താരിഫ് പിൻവലിക്കണമെന്നും അല്ലാത്തപക്ഷം യു എസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് 50% അധികതീരുവ ചുമത്തുമെന്നും ഭീഷണിപ്പെടുത്തി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രതിരോധ നടപടികൾ പിൻവലിക്കുക അല്ലെങ്കിൽ 50% നികുതി നേരിടുക എന്നാണ് തിങ്കളാഴ്ച തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ട്രംപ് അറിയിച്ചത്.
ട്രംപ് തന്റെ ഭീഷണിയിൽ പറയുന്ന നടപടി സ്വീകരിച്ചാൽ, യു എസ് കമ്പനികൾക്ക് ചൈനീസ് ഇറക്കുമതിക്ക് മൊത്തം 104% നിരക്ക് നേരിടേണ്ടിവന്നേക്കാം. ഇതിനകം മാർച്ചിൽ നടപ്പിലാക്കിയ 20% താരിഫുകൾക്കു പുറമെയാണ് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച 34 ശതമാനവും വരുന്നത്. ഇതോടെ, ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകളും ആഗോള എതിരാളികളും തമ്മിലുള്ള വ്യാപാരയുദ്ധം കൂടുതൽ ആഴത്തിലാക്കുമെന്ന ആശങ്ക വർധിക്കുകയാണ്.
“താരിഫുകളെക്കുറിച്ചുള്ള മീറ്റിംഗുകൾ സംബന്ധിച്ച് ചൈനയുമായുള്ള എല്ലാ ചർച്ചകളും അവസാനിപ്പിക്കും” എന്നാണ് ട്രൂത്ത് സോഷ്യലിലെ തന്റെ പോസ്റ്റിൽ ട്രംപ് മുന്നറിയിപ്പ് നൽകിയത്. മറ്റു രാജ്യങ്ങളുമായുള്ള ചർച്ചകൾക്ക് അനുവദിക്കുന്നതിനായി ആഗോള ഇറക്കുമതി തീരുവകൾ താൽക്കാലികമായി നിർത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.