Saturday, April 19, 2025

ചൈനയ്ക്കുമേൽ 10 % അധിക തീരുവ ചുമത്താനൊരുങ്ങി ട്രംപ്

ചൈനയിൽനിന്നുള്ള ഉൽപന്നങ്ങൾക്ക് 10 % പുതിയ തീരുവ ഏർപ്പെടുത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് ഡൊണാൾഡ് ട്രംപ്. നിലവിൽ ട്രംപ് ആരംഭിച്ച വ്യാപാരയുദ്ധത്തിലെ ഏറ്റവും പുതിയ നടപടിയാണിത്.

ഈ മാസം ആദ്യം പ്രാബല്യത്തിൽവന്ന താരിഫ് ഉത്തരവിനുശേഷം, ചൈനയിൽനിന്നുള്ള ഇറക്കുമതിക്ക് കുറഞ്ഞത് 10 % നികുതി ഏർപ്പെടുത്തിയിട്ടുണ്ട്. മാർച്ച് നാലു മുതൽ പ്രാബല്യത്തിൽവരുന്ന കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 25% തീരുവ ഏർപ്പെടുത്തുമെന്നും ട്രംപ് വ്യാഴാഴ്ച പറഞ്ഞു. ആ പദ്ധതിയിൽനിന്ന് പിന്മാറാനുള്ള ചർച്ചകൾക്കായി മെക്സിക്കോയിൽനിന്നും കാനഡയിൽനിന്നുമുള്ള ഉദ്യോഗസ്ഥർ വാഷിംഗ്ടണിൽ എത്തിയപ്പോഴാണ് അദ്ദേഹം ഈ അഭിപ്രായങ്ങൾ വെളിപ്പെടുത്തിയത്.

ഫെബ്രുവരി നാലി ന് മെക്സിക്കോയ്ക്കും കാനഡയ്ക്കും 25 % തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. അതിർത്തി ധനസഹായം വർധിപ്പിക്കാനും മയക്കുമരുന്ന് കടത്ത് എങ്ങനെ ചെറുക്കാമെന്ന് കൂടുതൽ ചർച്ച ചെയ്യാനും ഇരുരാജ്യങ്ങളും സമ്മതിച്ചതിനെത്തുടർന്ന് അവസാന നിമിഷം, നടപടികൾ ഒരു മാസത്തേക്ക് അദ്ദേഹം നിർത്തിവച്ചു.

യു എസിലേക്കുള്ള ഫെന്റനൈലിന്റെ ഒഴുക്ക് പരിഹരിക്കുന്നതിന് വേണ്ടത്ര നടപടി സ്വീകരിച്ചിട്ടില്ലെന്ന് ട്രംപ് വ്യാഴാഴ്ച സോഷ്യൽ മീഡിയയിൽ എഴുതി. “മെക്സിക്കോയിൽനിന്നും കാനഡയിൽനിന്നും വളരെ ഉയർന്നതും അസ്വീകാര്യവുമായ അളവിൽ മയക്കുമരുന്ന് ഇപ്പോഴും നമ്മുടെ രാജ്യത്തേക്ക് ഒഴുകിയെത്തുന്നുണ്ട്” – അദ്ദേഹം എഴുതി. മരുന്നുകളുടെ വലിയ ശതമാനം ചൈനയിലാണ് നിർമ്മിച്ചതെന്നും കൂട്ടിച്ചേർത്തു.

പതിറ്റാണ്ടുകളായി സ്വതന്ത്ര വ്യാപാര കരാറിനുകീഴിൽ പ്രവർത്തിക്കുന്ന വടക്കേ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുമായി അടുത്ത ബന്ധം പുലർത്തുന്നതിനാൽ, മെക്സിക്കോയ്ക്കും കാനഡയ്ക്കുമെതിരായ ട്രംപിന്റെ ഭീഷണികൾ വ്യാപകമായ ആശങ്ക ഉയർത്തിയിട്ടുണ്ട്. വൈറ്റ് ഹൗസ് പദ്ധതികളുമായി മുന്നോട്ടുപോയാൽ അമേരിക്കയ്ക്കുമേൽ പ്രതികാര തീരുവ ചുമത്തുമെന്ന് ഇരു രാജ്യങ്ങളിലെയും നേതാക്കൾ മുമ്പ് പറഞ്ഞിരുന്നു.

ചൈന, മെക്സിക്കോ, കാനഡ എന്നിവയാണ് അമേരിക്കയുടെ മികച്ച മൂന്ന് വ്യാപാരപങ്കാളികൾ. കഴിഞ്ഞ വർഷം യു എസിലേക്കുള്ള ഇറക്കുമതിയുടെ 40 % ത്തിലധികം ഇവിടെ നിന്നാണുള്ളത്.

മൂന്നു രാജ്യങ്ങളിൽനിന്നുള്ള ഉൽപന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തുന്നത് ഐഫോണുകൾ മുതൽ അവോക്കാഡോ വരെയുള്ള എല്ലാത്തിനും യു എസിൽ വില ഉയരാൻ ഇടയാക്കുമെന്ന് സാമ്പത്തികവിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Latest News