രാജ്യത്ത് ജനിക്കുന്ന ഏതൊരാൾക്കും യു എസ് സ്വാഭാവിക പൗരത്വം നൽകിവരുന്നുണ്ട്. എന്നാൽ ഈ തത്വം ആഗോളതലത്തിൽ അംഗീകരിക്കപ്പെടുന്നില്ല. പൗരത്വസ്വീകരണത്തിൽ ഇന്ത്യ വളരെയധികം കർശനമായ നിയമങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ഇരട്ടപൗരത്വം അനുവദിക്കുന്നില്ല എന്നതിനുപുറമെ വ്യക്തമായ നിയമങ്ങളും ഇന്ത്യൻ പൗരത്വം സ്വീകരിക്കുന്നതിനായി ഭരണഘടനയിൽ അനുശാസിച്ചിട്ടുണ്ട്. നിലവിൽ യു എസിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് നിയമപരമായ നിരവധി വെല്ലുവിളികൾക്കും കുടിയേറ്റ കുടുംബങ്ങളിൽ ചില ഉത്കണ്ഠകൾക്കും കാരണമായിട്ടുണ്ട്.
ഏകദേശം 160 വർഷമായി, യു എസ് ഭരണഘടനയുടെ 14-ാം ഭേദഗതി രാജ്യത്ത് ജനിക്കുന്ന ഏതൊരാളും യു എസ് പൗരനാണെന്ന് അംഗീകരിക്കുന്നു. എന്നാൽ കുടിയേറ്റക്കാരുടെ എണ്ണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് നിയമവിരുദ്ധമായോ, താൽക്കാലിക വിസകളിലോ കഴിയുന്ന കുടിയേറ്റക്കാരുടെ കുട്ടികൾക്ക് യു എസ് പൗരത്വം നിഷേധിക്കാൻ ട്രംപ് ശ്രമിക്കുന്നതിന്റെ തുടർച്ചയാണ് പുതിയ തീരുമാനങ്ങൾ. നിലവിൽ ട്രംപിന് പൊതുജന പിന്തുണ ഉള്ളതായും സർവേകൾ സൂചിപ്പിക്കുന്നുണ്ട്. എമേഴ്‌സൺ കോളേജ് നടത്തിയ ഒരു വോട്ടെടുപ്പ് സൂചിപ്പിക്കുന്നത്, ഈ കാര്യത്തിൽ ട്രംപിനെ എതിർക്കുന്നതിനെക്കാൾ കൂടുതൽ അമേരിക്കക്കാർ അദ്ദേഹത്തെ പിന്തുണയ്ക്കുന്നു എന്നാണ്.
ലോകമെമ്പാടുമുള്ള പൗരത്വനിയമങ്ങളുമായി ഇത് എങ്ങനെ താരതമ്യം ചെയ്യും?
ജന്മാവകാശ പൗരത്വം അഥവാ ജസ് സോളി (മണ്ണിന്റെ അവകാശം) ആഗോളതലത്തിൽ ഒരു മാനദണ്ഡമല്ല. തങ്ങളുടെ അതിർത്തിക്കുള്ളിൽ ജനിക്കുന്ന ഏതൊരാൾക്കും സ്വാഭാവിക പൗരത്വം നൽകുന്ന ഏകദേശം 30 രാജ്യങ്ങളിൽ ഒന്നാണ് യു എസ്. ഇതിനു വിപരീതമായി ഏഷ്യ, യൂറോപ്പ്, ആഫ്രിക്കയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലെ പല രാജ്യങ്ങളും ജസ് സാങ്കുനിസ് (രക്താവകാശം) തത്വം പാലിക്കുന്നു. അവിടെ കുട്ടികൾക്ക് അവരുടെ ജന്മസ്ഥലം പരിഗണിക്കാതെതന്നെ അവരുടെ മാതാപിതാക്കളിൽനിന്ന് അവരുടെ ദേശീയത അവകാശമായി ലഭിക്കുന്നു.
മറ്റു രാജ്യങ്ങൾക്ക് രണ്ട് തത്വങ്ങളുടെയും സംയോജനമുണ്ട്. സ്ഥിരതാമസക്കാരുടെ കുട്ടികൾക്ക് പൗരത്വം നൽകുന്നതും അങ്ങനെതന്നെ. അതുകൊണ്ട് ഇരട്ട പൗരത്വമുള്ള ഇടങ്ങിൽ കുടിയേറ്റത്തിനുള്ള സാഹചര്യം ഇരട്ടിയാക്കി. അതിനാൽ സമീപവർഷങ്ങളിൽ, നിരവധി രാജ്യങ്ങൾ അവരുടെ പൗരത്വ നിയമങ്ങൾ പരിഷ്കരിച്ചു. കുടിയേറ്റം, ദേശീയ ഐഡന്റിറ്റി, പ്രസവത്തിനായി ആളുകൾ ഒരു രാജ്യം സന്ദർശിക്കുന്ന ‘ജനന ടൂറിസം’ എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ കാരണം ജന്മാവകാശ പൗരത്വം കർശനമാക്കുകയോ, റദ്ദാക്കുകയോ ചെയ്തു. ഉദാഹരണത്തിന്, ഒരിക്കൽ ഇന്ത്യ, സ്വന്തം മണ്ണിൽ ജനിച്ച ഏതൊരാൾക്കും സ്വാഭാവിക പൗരത്വം നൽകിയിരുന്നു. എന്നാൽ കാലക്രമേണ, പ്രത്യേകിച്ച് ബംഗ്ലാദേശിൽനിന്നുള്ള നിയമവിരുദ്ധ കുടിയേറ്റത്തെക്കുറിച്ചുള്ള ആശങ്കകൾ ചില നിയന്ത്രണങ്ങളിലേക്ക് ഇന്ത്യയെ നയിച്ചു.
2004 ഡിസംബർ മുതൽ, മാതാപിതാക്കൾ രണ്ടുപേരും ഇന്ത്യക്കാരാണെങ്കിൽ, അല്ലെങ്കിൽ മാതാപിതാക്കളിൽ ഒരാൾ ഇന്ത്യൻ പൗരനാണെങ്കിൽ മറ്റേയാൾ നിയമവിരുദ്ധ കുടിയേറ്റക്കാരനായി കണക്കാക്കപ്പെടുന്നില്ലെങ്കിൽ മാത്രമേ ഇന്ത്യയിൽ ജനിക്കുന്ന കുട്ടിക്ക് പൗരത്വമുള്ളൂ. കൊളോണിയൽ കാലഘട്ടത്തിലെ നിയമവ്യവസ്ഥകൾപ്രകാരം ചരിത്രപരമായി ജസ് സോളി പിന്തുടർന്നിരുന്ന പല ആഫ്രിക്കൻ രാജ്യങ്ങളും പിന്നീട് സ്വാതന്ത്ര്യം നേടിയശേഷം അത് ഉപേക്ഷിച്ചു. ഇന്ന് മിക്ക രാജ്യങ്ങളും മാതാപിതാക്കളിൽ ഒരാളെങ്കിലും പൗരനോ, സ്ഥിരതാമസക്കാരനോ ആകണമെന്ന് ആവശ്യപ്പെടുന്നു.
ചൈന, മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ കാണപ്പെടുന്നതുപോലെ മിക്ക ഏഷ്യൻ രാജ്യങ്ങളിലും പൗരത്വം കൂടുതൽ നിയന്ത്രണമുള്ളതാണ്. അവിടെ അത് പ്രാഥമികമായി വംശാവലിയെ അടിസ്ഥാനമാക്കി നിർണ്ണയിക്കപ്പെടുന്നു. യൂറോപ്പിലും കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. നിയന്ത്രണങ്ങളില്ലാതെ ജസ് സോളി അനുവദിച്ച മേഖലയിലെ അവസാനത്തെ രാജ്യം അയർലൻഡായിരുന്നു.
2004 ജൂണിൽ നടന്ന ഒരു വോട്ടെടുപ്പിനുശേഷം 79% വോട്ടർമാരും കുറഞ്ഞത് ഒരു രക്ഷിതാവെങ്കിലും പൗരനോ, സ്ഥിരതാമസക്കാരനോ, നിയമപരമായ താൽക്കാലിക താമസക്കാരനോ ആയിരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന ഒരു ഭരണഘടനാ ഭേദഗതി അംഗീകരിച്ചതോടെ, ആ നയത്തിന് അവസാനമുണ്ടായി. വിദേശസ്ത്രീകൾ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് യൂറോപ്യൻ യൂണിയൻ പാസ്‌പോർട്ട് ലഭിക്കുന്നതിനായി പ്രസവത്തിനായി അയർലണ്ടിലേക്കു പോകുന്നതിനാൽ മാറ്റം ആവശ്യമാണെന്ന് സർക്കാർ തീരുമാനിച്ചു.
നിയമപരമായ വെല്ലുവിളികൾ
പ്രസിഡന്റ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് ഇതിനകം നിയമപരമായ വെല്ലുവിളികൾ നേരിടുന്നുണ്ട്. പ്രസിഡന്റ് ട്രംപിന്റെ ഉത്തരവ് പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിൽ ഡെമോക്രാറ്റിക് പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളും നഗരങ്ങളും പൗരാവകാശ ഗ്രൂപ്പുകളും വ്യക്തികളും വിവിധ കേസുകൾ ഫയൽ ചെയ്തു. ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാൻ പ്രസിഡന്റ് ട്രംപിന് കഴിയില്ലെന്ന് മിക്ക നിയമപണ്ഡിതന്മാരും സമ്മതിക്കുന്നു. ആത്യന്തികമായി ഇത് കോടതികളാണ് തീരുമാനിക്കുക എന്നാണ് ഭരണഘടനാ വിദഗ്ദ്ധനും വിർജീനിയ സർവകലാശാലയിലെ നിയമ സ്കൂൾ പ്രൊഫസറുമായ സായികൃഷ്ണ പ്രകാശ് പറയുന്നത്. “ഇത് എനിക്ക് സ്വന്തമായി തീരുമാനിക്കാൻ കഴിയുന്ന കാര്യമല്ല” – അദ്ദേഹം പറയുന്നു.
കേസ് കോടതികളിൽ പരിഗണിക്കുന്നതിനായി ഉത്തരവ് ഇപ്പോൾ മരവിപ്പിച്ചിരിക്കകയാണ്. നിലവിൽ 14-ാം ഭേദഗതിയെ പിന്തുണയ്ക്കുന്ന ജഡ്ജിമാരാണുള്ളത്. അതുകൊണ്ടുതന്നെ അത് എങ്ങനെ വ്യാഖ്യാനിക്കപ്പെടുമെന്നും പറയാൻ സാധിക്കില്ല. ഇത് സ്ഥിരതാമസക്കാർക്കു മാത്രമേ ഇത് ബാധകമാകൂ എന്ന് ട്രംപിന്റെ നീതിന്യായ വകുപ്പ് വാദിച്ചു.
യു എസ് നിയമങ്ങൾ രേഖകളില്ലാത്ത കുടിയേറ്റക്കാർക്ക് ബാധകമാണെന്നും അതിനാൽ 14-ാം ഭേദഗതിയും പാലിക്കണമെന്നും മറ്റു ചിലർ വാദിക്കുന്നുണ്ട്. നിലവിൽ ചട്ടം 14 ഭേദഗതി വരുത്തേണ്ടത് അത്യാവശ്യമാണെന്നാണ് തോന്നുന്നത്. കാലവും രാജ്യത്തിന്റെയും ലോകത്തിന്റെയും സാഹചര്യങ്ങൾ മാറിയതിനനുസരിച്ച് തീർച്ചയായും ചില നിയമങ്ങൾക്ക് ഭേദഗതി വരുത്താവുന്നതാണ്.