പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യാത്രാനിരോധനം ഏര്‍പ്പെടുത്താന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ സുരക്ഷയും അപകടസാധ്യതയും അടിസ്ഥാനമാക്കി അഫ്ഗാനിസ്ഥാനില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നുമുള്ളവരെ രാജ്യത്തു പ്രവേശിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തുന്ന കാര്യത്തില്‍ അടുത്തയാഴ്ച തീരുമാനം ഉണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അഫ്ഗാനും പാക്കിസ്ഥാനും മാത്രമല്ല, വേറെയും രാജ്യങ്ങള്‍ ലിസ്റ്റില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
2018 ലാണ്, ഏഴ് ഭൂരിപക്ഷ മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള വിലക്ക് ആദ്യം സുപ്രീം കോടതി ശരിവച്ചു നടപ്പിലാക്കിയത്. എന്നാല്‍ ട്രംപിനുശേഷം 2021 ല്‍ ജോ ബൈഡന്‍ അധികാരമേറ്റപ്പോള്‍ ഈ വിലക്ക് പിന്‍വലിച്ചു. ‘നമ്മുടെ ദേശീയ മനഃസാക്ഷിക്കേറ്റ കളങ്കം’ എന്നായിരുന്നു ബൈഡന്‍ ഇതിനെ വിശേഷിപ്പിച്ചത്.
യു എസില്‍ അഭയാർഥികളായുള്ളവര്‍ക്കോ, പ്രത്യേക ഇമിഗ്രന്റ് വിസയിലോ യു എസില്‍ പുനരധിവാസത്തിനായി അനുമതി ലഭിച്ച പതിനായിരക്കണക്കിന് അഫ്ഗാനികളെ ഈ വിലക്ക് ബാധിച്ചേക്കാം. ദേശീയ സുരക്ഷാഭീഷണികള്‍ നേരിടുന്നതിനാല്‍ യു എസിലേക്കു പ്രവേശിക്കുന്നവരുടെ സുരക്ഷാപരിശോധന കര്‍ശനമാക്കണമെന്ന് ജനുവരി 20 ന് ട്രംപ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത്തരത്തില്‍ യാത്രാവിലക്ക് നേരിടുന്ന രാജ്യങ്ങളുടെ ലിസ്റ്റ് മാര്‍ച്ച് 12 നകം സമര്‍പ്പിക്കാന്‍ കാബിനറ്റ് അംഗങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇതില്‍ അഫ്ഗാനും പാക്കിസ്ഥാനും ഉള്‍പ്പെടുമെന്നാണ് മൂന്ന് ഉറവിടങ്ങളില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.