റഷ്യയ്‌ക്കെതിരെ കടുത്ത നടപടികള്‍ക്കൊരുങ്ങി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുക്രൈനുമായുള്ള വെടിനിര്‍ത്തലും സമാധാന കരാറും ഉണ്ടാകുന്നതുവരെ റഷ്യയ്‌ക്കെതിരെ വലിയ തോതിലുള്ള ഉപരോധങ്ങളും തീരുവകളും ഏര്‍പ്പെടുന്നതിനെക്കുറിച്ചു ചിന്തിക്കുന്നതായി ട്രംപ് പറഞ്ഞു. റഷ്യ യുക്രൈനെ പൂര്‍ണ്ണമായും ആക്രമിക്കുന്നതിനാലാണ് ഈ നീക്കത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ട്രംപ് അധികാരത്തില്‍ എത്തിയതിനുശേഷം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനെ പ്രശംസിക്കുകയും യുക്രൈൻ നേതാവിനെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴുള്ള ട്രംപിന്റെ പുതിയ പ്രസ്താവന വളരെ തീവ്രമായ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. എന്നിരുന്നാലും പ്രസ്താവനയ്ക്ക് മണിക്കൂറുകള്‍ക്കുശേഷം യുക്രൈനെ കൈകാര്യം ചെയ്യുന്നത് കൂടുതല്‍ ബുദ്ധിമുട്ടാണെന്ന് അദ്ദേഹം പറയുകയുണ്ടായി. മാത്രമല്ല, പുടിനെ താന്‍ വിശ്വസിക്കുന്നു എന്ന് ആവര്‍ത്തിക്കുകയും ചെയ്തു.
ദിവസങ്ങള്‍ക്കുമുന്‍പ് യുക്രേനിയന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയെ ട്രംപ് ശകാരിക്കുകയും അദ്ദേഹത്തെ സ്വേച്ഛാധിപതി എന്നു വിളിക്കുകയും ചെയ്തിരുന്നു. 2022 ഫെബ്രുവരി 24 ന് പുടിന്‍ അയല്‍രാജ്യത്ത് അധിനിവേശം ആരംഭിച്ചതിനുശേഷം പിന്നീട് യുദ്ധം ആരംഭിക്കാന്‍ കാരണം യുക്രൈൻ ആണെന്നു ട്രംപ് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
അതേസമയം യു എസ്, യുക്രൈനു നല്‍കിയിരുന്ന സൈനിക സഹായവും രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കുവയ്ക്കലുമെല്ലാം താല്‍ക്കാലികമായി നിര്‍ത്തലാക്കിയിരുന്നു. ഈ പിന്‍വലിക്കലാണോ കഴിഞ്ഞ ദിവസം രാത്രി യുക്രൈനിലേക്ക് റഷ്യയെ വലിയ തോതില്‍ മിസൈലുകളും ഡ്രോണ്‍ ആക്രമണം നടത്താനും പ്രാപ്തമാക്കിയത് എന്ന കാര്യം വ്യക്തമല്ല. ഇതിനുശേഷമാണ് റഷ്യയ്‌ക്കെതിരെ ഉപരോധങ്ങളും തീരുവകളും ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ട്രംപ് ഭീഷണി മുഴക്കിയിരിക്കുന്നത്.