ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരചടങ്ങിനിടെ യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാനുള്ള വ്‌ളാഡിമിർ പുടിന്റെ സന്നദ്ധതയെ ചോദ്യം ചെയ്ത് ഡൊണാൾഡ് ട്രംപ്. റോം വിട്ടതിനുശേഷം സോഷ്യൽ മീഡിയയിലൂടെ, ഒരു കാരണവുമില്ലാതെയാണ് സിവിലിയൻ പ്രദേശങ്ങളിലേക്ക് പുടിൻ മിസൈലുകൾ തൊടുത്തതെന്ന് ട്രംപ് ആരോപിച്ചു.
“യുക്രേനിയൻ നഗരങ്ങൾക്കു നേരെയുള്ള റഷ്യൻ ആക്രമണങ്ങൾ തെളിയിക്കുന്നത് യുദ്ധം നിർത്താൻ പുടിൻ ആഗ്രഹിക്കുന്നില്ലായിരിക്കാം” എന്നാണ് തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെ ട്രംപ് പറഞ്ഞത്. പുട്ടിൻ തന്നെ വശീകരിക്കുകയാണെന്നാണ് തനിക്ക് തോന്നുന്നതെന്നും ട്രംപ് സോഷ്യൽ മീഡിയയിൽ പറഞ്ഞു.
സ്റ്റീവ് വിറ്റ്കോഫും റഷ്യൻ പ്രസിഡന്റും തമ്മിൽ മൂന്നുമണിക്കൂർ നീണ്ട ചർച്ചകൾക്കുശേഷം റഷ്യയും യുക്രൈനും ഒരു കരാറിന് വളരെ അടുത്തി എന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.
പോപ്പിന്റെ മൃതസംസ്ക്കാരം ആരംഭിക്കുന്നതിനു തൊട്ടുമുമ്പ്, ട്രംപും സെലെൻസ്‌കിയും സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ചർച്ചയിൽ ഏർപ്പെട്ടിരുന്നു. സെലെൻസ്‌കിയുമായുള്ള 15 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ച വളരെ ഫലപ്രദമായിരുന്നു എന്നാണ് വൈറ്റ് ഹൗസും വിശേഷിപ്പിച്ചത്.
ഈ കൂടിക്കാഴ്ച ചരിത്രപരമായി മാറാനുള്ള സാധ്യതയുണ്ടെന്ന് യുക്രേനിയൻ പ്രസിഡന്റും പറഞ്ഞിരുന്നു. ഫെബ്രുവരിയിലെ ഓവൽ ഓഫീസിൽ വച്ച് ട്രംപും സെലെൻസ്കിയും തമ്മിലുള്ള സംഘർഷത്തിനുശേഷം ഇരുവരും നടത്തുന്ന ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.