മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വസതിയില്‍ റെയ്ഡ്. എഫ്ബിഐ അധികൃതര്‍ ഫ്ളോറിഡയിലെ മാര്‍-അ-ലാഗോ എസ്റ്റേറ്റ് റെയ്ഡ് ചെയ്തുവെന്ന് ട്രംപ് തന്നെയാണ് വെളിപ്പെടുത്തിയത്.
ട്രംപിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്. വൈറ്റ് ഹൗസില്‍ നിന്ന് ഫ്ളോറിഡയിലേക്ക് കൊണ്ടുപോയ ചില രേഖകളുമായി ബന്ധപ്പെട്ടാണത്.
ഇന്നലെ രാവിലെ മുതല്‍ നടന്ന റെയ്ഡിന്റെ യാതൊരു വിവരങ്ങളും പുറത്തു വിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. തനിക്കെതിരെ ബോധപൂര്‍വ്വമായ ആക്രമണമാണ് ഭരണപക്ഷത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. ഇപ്പോള്‍ നടക്കുന്ന റെയിഡ് പോലും അതിന്റെ ഭാഗമാണെന്ന് ട്രംപ് ആരോപിച്ചു.
അമേരിക്കയുടെ പ്രസിഡന്റായിരുന്ന തന്നെയും കുടുംബത്തെയും വളഞ്ഞിട്ട് ആക്രമിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. താനും കുടുംബവും ഇന്ന് എഫ് ബി ഐ ഉദ്യോഗസ്ഥരുടെ ഉപരോധത്തിലാണെന്നും അദ്ദേഹം അറിയിച്ചു.
റെയിഡ് നടക്കുമ്പോള്‍ ഒരു വിഭാഗം ആളുകള്‍ വീടിനു പുറത്ത് ആഘോഷിക്കുകയാണ് ചെയ്തത്. അതെ സമയം ട്രംപനുകൂലികള്‍ സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച് രംഗത്തെത്തി. യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ഒരു പ്രസിഡന്റിനും ഇതുപോലൊരു അനുഭവം ഉണ്ടായിട്ടില്ല. ഇത് രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനങ്ങളെ ധിക്കരിക്കുന്ന നടപടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അടുത്ത തിരഞ്ഞെടുപ്പില്‍ തന്നെ മത്സരിപ്പിക്കാതിരിക്കാനുള്ള ഇടത് ഡെമോക്രാറ്റുകളുടെ അജണ്ടയാണിതെന്നും അദ്ദേഹം പറഞ്ഞു.
ജോ ബൈഡന് അമേരിക്കയെ വികസ്വര രാജ്യത്തിന്റെ പട്ടികയിലേക്ക് കൂപ്പു കുത്തിക്കാനുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്. അഴിമതിയും അക്രമവും നടത്തി രാജ്യത്ത് അരാജകത്വം വളര്‍ത്തുകയാണ് ഡെമോക്രറ്റുകള്‍ ചെയ്യുന്നത്. സര്‍ക്കാരിന്റെ ഇത്തരം കാര്യങ്ങള്‍ താനും , പാര്‍ട്ടിയും ചൂണ്ടി കാണിച്ചത് കൊണ്ടുള്ള പ്രതികാര നടപടിയാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തനിക്കെതിരെയുള്ള രാഷ്ട്രീയ പീഡനം കുറെ നാളുകളായി നടക്കുന്നു. അമേരിക്കയുടെ ബ്യുറോക്രാറ്റിക് അഴിമതിയ്ക്കെതിരെ നിലകൊണ്ടത് കൊണ്ടാണ് തനിക്കിങ്ങനെ ഒരവസ്ഥ ഉണ്ടായതെന്ന് ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു. ജനാധിപത്യത്തില്‍ വിശ്വാസമില്ലാത്ത സര്‍ക്കാരിന്റെ ഭരണം തികഞ്ഞ പരാജയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.