യുക്രൈനിൽ യു എസ് നിർദേശിച്ച വെടിനിർത്തൽ കരാറിനെക്കുറിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ചർച്ചകൾ നടത്തിയെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുടിനുമായി നല്ലതും ഫലപ്രദവുമായ ചർച്ചകൾ നടത്തിയെന്നാണ് ട്രംപ് പറഞ്ഞത്. വ്യാഴാഴ്ച വൈകുന്നേരം മോസ്കോയിൽ പുടിനും യു എസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
ചർച്ചകളിലൂടെ, ഭയാനകവും രക്തരൂക്ഷിതവുമായ ഈ യുദ്ധം അവസാനിപ്പിക്കാൻ വളരെ നല്ല അവസരം നൽകിയിട്ടുണ്ടെന്നാണ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞത്. പക്ഷേ, യുദ്ധം തുടരുന്നതിനായി പുടിൻ ചർച്ചകൾ നീട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയാണെന്ന് യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ആരോപിച്ചിരുന്നു. അതേസമയം വെടിനിർത്തൽ നിർദേശങ്ങളോട് പുടിന്റെ പ്രതികരണം കേട്ടശേഷം ‘പുട്ടിന്റെ കളികളൊന്നും’ അനുവദിക്കാനാവില്ലെന്ന് സർ കെയർ സ്റ്റാർമർ പറഞ്ഞു.
ഈ ആഴ്ച ആദ്യമാണ് യു എസ് നിർദേശിച്ച വെടിനിർത്തൽ കരാർ യുക്രൈൻ അംഗീകരിച്ചത്. റഷ്യ ഇതുവരെ അതിന് ഉപാധികൾ വച്ചതല്ലാതെ പൂർണ്ണസമ്മതം അറിയിച്ചിട്ടില്ല. വെടിനിർത്തൽ എന്ന ആശയം ശരിയാണെന്നും അതിനെ പിന്തുണയ്ക്കുന്നുവെന്നും എന്നാൽ ചില കാര്യങ്ങളിൽ വ്യക്തത വരാനുണ്ടെന്നുമാണ് പുടിൻ പറഞ്ഞത്. സമാധാനത്തിനായി പുടിൻ നിരവധി കടുത്ത വ്യവസ്ഥകൾ മുന്നോട്ടുവയ്ക്കുകയും ചെയ്തു. എന്നാൽ പുടിന് യു എസിനോട് ‘നോ’ പറയാൻ പേടിയുണ്ടെന്നും അതിനാലാണ് ഇത്തരത്തിൽ വ്യവസ്ഥകൾ മുന്നോട്ടുവയ്ക്കുന്നതെന്നുമാണ് സെലെൻസ്കി പറയുന്നത്.