ഇറാൻ ദേശീയ ഫുട്ബോൾ ടീമിനെ ടൂർണമെന്റിലേക്ക് സ്വാഗതം ചെയ്യുമ്പോഴും, അവരുടെ സുരക്ഷയെ മുൻനിർത്തി സന്ദർശനം ഒഴിവാക്കുന്നതാകും ഉചിതമെന്ന് മുന്നറിയിപ്പ് നൽകി ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ കുറിപ്പ് പങ്കുവച്ചത്.
“ഇറാൻ ദേശീയ ഫുട്ബോൾ ടീമിന് ലോകകപ്പിലേക്ക് സ്വാഗതമുണ്ട്. എന്നാൽ, അവരുടെ ജീവിതവും സുരക്ഷയും പരിഗണിക്കുമ്പോൾ അവർ അവിടെ വരുന്നത് ഉചിതമാണെന്ന് ഞാൻ കരുതുന്നില്ല” എന്ന് ട്രംപ് കുറിച്ചു. ട്രംപിന്റെ പ്രസ്താവനയ്ക്കു തൊട്ടുപിന്നാലെ, ഈ സാഹചര്യത്തിൽ ലോകകപ്പിൽ പങ്കെടുക്കാനില്ലെന്ന് ഇറാന്റെ കായികമന്ത്രി അഹമ്മദ് ദുന്യാമലി വ്യക്തമാക്കി. “തങ്ങളുടെ നേതാവിനെ വധിച്ച രാജ്യത്ത് പോയി കളിക്കാൻ ഇറാനില്ല” എന്നാണ് അദ്ദേഹം അറിയിച്ചത്.
അമേരിക്കയിൽ നടക്കുന്ന ആദ്യ രണ്ട് മത്സരങ്ങളും ലോസ് ഏഞ്ചൽസിലാണ് നിശ്ചയിച്ചിരിക്കുന്നത്. ട്രംപിന്റെ മുന്നറിയിപ്പിനെത്തുടർന്ന് ഇറാൻ ടീമിന് യുഎസ് വിസ ലഭിക്കുന്നതിലും സുരക്ഷ ഉറപ്പാക്കുന്നതിലും വലിയ വെല്ലുവിളികൾ നിലനിൽക്കുന്നുണ്ട്. ഒരു ടീം പിന്മാറുന്നത് ടൂർണമെന്റിന്റെ ആവേശം കുറയ്ക്കുമെന്നതിനാൽ മത്സരങ്ങൾ കാനഡയിലേക്കോ, മെക്സിക്കോയിലേക്കോ മാറ്റാൻ കഴിയുമോ എന്ന് ഫിഫ ആലോചിക്കുന്നതായും ചില റിപ്പോർട്ടുകളുണ്ട്.

