മരുന്നുകളുടെ വില കുറയ്ക്കാൻ മരുന്നുനിർമ്മാതാക്കൾക്ക് നിർദേശം നൽകുന്ന ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച ഒപ്പുവച്ചു. ഈ ഉത്തരവുപ്രകാരം അടുത്ത 30 ദിവസത്തിനുള്ളിൽ മരുന്നുനിർമ്മാതാക്കൾക്ക് മരുന്നിന്റെ വില കുറയ്ക്കുന്ന കാര്യത്തിൽ ലക്ഷ്യം കൈവരിക്കാൻ കഴിയണം. അല്ലാത്തപക്ഷം വില കുറയ്ക്കാൻ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് ട്രംപ് പറഞ്ഞു.
മരുന്നുകളുടെ വില, കുറഞ്ഞത് 59 ശതമാനമെങ്കിലും കുറയ്ക്കാനാണ് താൻ ശ്രമിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. ചില സന്ദർഭങ്ങളിൽ 80 അല്ലെങ്കിൽ 90% വരെ കുറയ്ക്കാനാണ് ഉത്തരവിൽ പറയുന്നത്. “എല്ലാവരും തുല്യരാകണം. എല്ലാവരും ഒരേ വില നൽകണം” – ട്രംപ് പറയുന്നു.
മരുന്നുകൾക്ക് ഏറ്റവും ഉയർന്ന വില നൽകുന്നത് അമേരിക്കയാണ്. പലപ്പോഴും മറ്റു വികസിതരാജ്യങ്ങളെ അപേക്ഷിച്ച് ഏകദേശം മൂന്നിരട്ടി കൂടുതലാണ് ഈ മരുന്നുകളുടെ വില.