Saturday, April 5, 2025

പുടിനുമായി ചർച്ച നടത്തി ഡൊണാൾഡ് ട്രംപ്

നിയുക്ത യു. എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, തന്റെ തിരഞ്ഞെടുപ്പ്  വിജയത്തിന് രണ്ടു ദിവസത്തിനുശേഷം, നവംബർ ഏഴിന് റഷ്യൻ പ്രസിഡന്റ്  വ്‌ളാഡിമിർ പുടിനുമായി സംസാരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. സംഘർഷം രൂക്ഷമാകുന്നത് ഒഴിവാക്കണമെന്ന് ട്രംപ് പുടിനോട് ആവശ്യപ്പെട്ടു. ഇരുനേതാക്കളും യുക്രൈനിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തതായും റിപ്പോർട്ടുണ്ട്.

ട്രംപ് ഫ്ലോറിഡയിലെ തന്റെ റിസോർട്ടിൽനിന്ന് ഫോൺ സംഭാഷണത്തിലേർപ്പെടുകയും യുക്രൈനിലെ യുദ്ധത്തിനെതിരെ പുടിനെ ഉപദേശിക്കുകയും അതേസമയം യൂറോപ്പിലെ വാഷിംഗ്ടണിന്റെ സുപ്രധാന സൈനികസാന്നിധ്യത്തെക്കുറിച്ച് ഓർമപ്പെടുത്തുകയും ചെയ്തു എന്നും റിപ്പോർട്ടിൽ പറയുന്നു.

യു. എസോ, റഷ്യയോ ഈ വിവരങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. യു. എസ് – റഷ്യ ബന്ധം മെച്ചപ്പെടുത്താനുള്ള ആഗ്രഹത്തിന് ശ്രദ്ധ ആവശ്യമാണെന്നു വാദിച്ചുകൊണ്ട് കഴിഞ്ഞയാഴ്ച റഷ്യയിലെ സോചിയിൽ നടന്ന ഒരു പൊതുപരിപാടിയിൽ, “ട്രംപുമായി സംസാരിക്കുന്നത് തെറ്റാണെന്നു കരുതരുത്. ചില ലോകനേതാക്കൾ ബന്ധം പുനഃസ്ഥാപിക്കാൻ ശ്രമിക്കുകയാണെങ്കിൽ ഞാൻ അതിന് എതിരല്ല. ഞങ്ങൾ ട്രംപുമായി സംസാരിക്കാൻ തയ്യാറാണ്” എന്ന് പുടിൻ പറഞ്ഞിരുന്നു.

പുടിനുമായുള്ള തന്റെ ഫോൺ സംഭാഷണത്തിനുമുമ്പ് ട്രംപ് ബുധനാഴ്ച യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായും സംസാരിച്ചിരുന്നു. ടെക് ശതകോടീശ്വരൻ എലോൺ മസ്‌കും സെലെൻസ്‌കിക്കൊപ്പം സംഭാഷണത്തിൽ പങ്കുചേർന്നു. യുക്രൈന് സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് കണക്ഷൻ നൽകുന്നത് തുടരുമെന്നും അദ്ദേഹം സെലെൻസ്‌കിയോട് വാഗ്ദാനം ചെയ്തു.

Latest News