ജമ്മുകാശ്മീരിലെ പഹൽഗാമിൽ പാക്കിസ്ഥാൻ നടത്തിയ ഭീകരാക്രമണത്തെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സംഘർഷം എത്രയും വേഗത്തിൽ ലഘൂകരിക്കണമെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഗ്രഹിക്കുന്നതായി വൈറ്റ് ഹൗസ്.
ഈ സംഘർഷം എത്രയും വേഗം കുറയുന്നതു കാണാൻ പ്രസിഡന്റ് ആഗ്രഹിക്കുന്നുവെന്ന് വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി കരോലിൻ ലീവിറ്റ് ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രസിഡന്റ് ട്രംപിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായും നല്ല ബന്ധമുണ്ടെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റൂബിയോ ഇരുരാജ്യങ്ങളിലെയും നേതാക്കളുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും ഈ സംഘർഷം അവസാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ലീവിറ്റ് പറഞ്ഞു.
കാശ്മീരിലെ പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട കൂട്ടക്കൊലയ്ക്കുള്ള പ്രതികാരമായി ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ന്റെ ഭാഗമായി പാക്കിസ്ഥാനിലെയും പാക്കിസ്ഥാൻ അധിനിവേശ കാശ്മീരിലെയും ഒൻപതു കേന്ദ്രങ്ങളിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയതിന് രണ്ടുദിവസത്തിനു ശേഷമാണ് വൈറ്റ് ഹൗസിന്റെ ഈ പ്രസ്താവന.