ജനുവരി 20 നു മുൻപ് ഇസ്രായേലി ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ പ്രതികരണം ശക്തമായിരിക്കുമെന്ന് ഹമാസിന് മുന്നറിയിപ്പ് നൽകി ട്രംപ്. ഫ്ലോറിഡയിലെ മാർ അലാഗോയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ബന്ദി കരാറിനെക്കുറിച്ച് കൂടുതൽ ചർച്ചകൾക്കായി യു. എസ്. പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഈ ആഴ്ച അവസാനം ദോഹയിലേക്ക് പോകുമെന്ന് ട്രംപ് അറിയിച്ചു. പ്രസിഡന്റായി സ്ഥാനമേൽക്കുന്ന ജനുവരി 20 നു മുൻപായി ഇസ്രായേലും ഹമാസും തമ്മിലുള്ള ഒരു കരാറിലെത്തിയില്ലെങ്കിൽ ഈ മേഖലയിലെ ‘എല്ലാ നരകവും തകരുമെന്ന്’ ട്രംപ് വീണ്ടും മുന്നറിയിപ്പ് നൽകി.
“ഞാൻ അധികാരത്തിൽ കയറുന്നതിനുമുൻപ് ബന്ദികളെ തിരിച്ചെത്തിച്ചില്ലെങ്കിൽ മധ്യപൂർവേഷ്യയിൽ തീമഴ പെയ്യും. ഇത് ഹമാസിനു ഗുണം ചെയ്യില്ല. ആർക്കും ഗുണം ചെയ്യില്ല. ഇതിൽക്കൂടുതൽ ഞാൻ പറയുന്നില്ല. അവരെ നേരത്തേതന്നെ വിട്ടയയ്ക്കമായിരുന്നു” – ട്രംപ് സമ്മേളനത്തിൽ വ്യക്തമാക്കി.
“ഞങ്ങൾ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. പ്രസിഡന്റ് ട്രംപ് നൽകുന്ന നിർദേശങ്ങളാണ് ചർച്ചകളെ മുന്നോട്ടുനയിക്കുന്നത്. അതിനാൽ ഇതെല്ലാം ഫലപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നു” – സ്റ്റീവ് വിറ്റ്കോഫ് വെളിപ്പെടുത്തി.