Sunday, April 6, 2025

ഹിജാബ് ധരിക്കാത്ത സ്ത്രീകള്‍ മൃഗങ്ങളെപോലെ ആകാന്‍ ശ്രമിക്കുന്നുവെന്ന് താലിബാന്‍; കാണ്ഡഹാറിലുടനീളം സദാചാര പോലീസിന്റെ പോസ്റ്റര്‍

ഹിജാബ് ധരിക്കാത്ത സ്ത്രീകള്‍ മൃഗങ്ങളെപോലെ ആകാന്‍ ശ്രമിക്കുന്നെന്ന് താലിബാന്‍. അഫ്ഗാനിലെ കാണ്ഡഹാറിലുടനീളം താലിബാന്റെ സദാചാര പോലീസ് പതിപ്പിച്ച പോസ്റ്ററിലാണ് അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പരാമര്‍ശം. ശരീരം മുഴുവന്‍ മറയ്ക്കുന്ന ബുര്‍ഖയുടെ ചിത്രങ്ങളുള്ള പോസ്റ്ററുകളാണ് പതിച്ചത്.

സ്ത്രീകള്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉണ്ടാവില്ലെന്നായിരുന്നു അധികാരത്തിലേറിയപ്പോള്‍ താലിബാന്റെ അവകാശവാദം. എന്നാല്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ഭരണം പിടിച്ചെടുത്തതുമുതല്‍ അഫ്ഗാനിലെ സ്ത്രീകള്‍ക്ക് കടുത്ത നിയന്ത്രണങ്ങളാണ് താലിബാന്‍ ഏര്‍പ്പെടുത്തിയത്. സ്ത്രീകള്‍ വീട്ടില്‍ തന്നെ ഇരിക്കണമെന്ന് കഴിഞ്ഞ മേയില്‍ അഫ്ഗാന്റെ പരമോന്നത നേതാവ് ഹിബത്തുള്ള ഖുന്‍സാദ ഉത്തരവിറക്കിയിരുന്നു.

പൊതുസ്ഥലങ്ങളില്‍ പോകേണ്ടിവരുന്ന സാഹചര്യങ്ങളില്‍ ശരീരവും മുഖവും മുഴുവന്‍ മറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. മുഖം മറയ്ക്കാതെ പൊതുസ്ഥലത്ത് പോകുന്ന സ്ത്രീകളുടെ കുടുംബാംഗങ്ങളെ വിവരം അറിയിക്കുമെന്നും കര്‍ശന നടപടിയുണ്ടാകുമെന്നാണ് ഉന്നത വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞത്. സര്‍ക്കാര്‍ ജോലിയുള്ള ഇവരുടെ കുടുംബാംഗങ്ങളായ പുരുഷന്‍മാര്‍ക്ക് സസ്പെന്‍ഷന്‍ നല്‍കണമെന്നും ഖുന്‍സാദയുടെ ഉത്തരവില്‍ പറയുന്നുണ്ട്.

 

 

Latest News