പസഫിക് ദ്വീപ് രാജ്യത്തിനടുത്ത് 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്ന് ടോംഗയിൽ നൽകിയിരുന്ന സുനാമി മുന്നറിയിപ്പ് പിൻവലിച്ചു. പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അപകടകരമായ തിരമാലകളെക്കുറിച്ചുള്ള മുന്നറിയിപ്പാണ് ആദ്യം നൽകിയിരുന്നത്. പിന്നീട് ഇത് പിൻവലിക്കുകയായിരുന്നു. ഇതോടെ ആളുകളെ വീടുകളിലേക്കു മടങ്ങാൻ അനുവദിക്കുകയും ചെയ്തു.
ഭൂകമ്പത്തിന്റെ ആഴം 18 മൈൽ (29 കിലോമീറ്റർ) ആണെന്ന് യു എസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു. ടോംഗയുടെ പ്രധാന ദ്വീപായ ടോങ്കടാപുവിന്റെ വടക്കുകിഴക്കായി ഏകദേശം 62 മൈൽ (100 കിലോമീറ്റർ) ആയിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. മണിക്കൂറുകൾക്കുശേഷം അതേ പ്രദേശത്ത് 6.1 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനം ഉണ്ടാവുകയായിരുന്നു.
പുലർച്ചെ ഒരുമണിക്കുണ്ടായ ഭൂകമ്പത്തെ തുടർന്ന് പ്രദേശത്തുനിന്നും മാറാനുള്ള അറിയിപ്പായി സുനാമി സൈറനുകൾ നൽകി. ഇത്തരത്തിൽ ശബ്ദം പുറപ്പെടുവിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. തലസ്ഥാനമായ നുകുഅലോഫയിലെ ജനങ്ങൾ ഉയർന്ന പ്രദേശങ്ങളിലേക്കു പലായനം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഉദ്യോഗസ്ഥർ എല്ലാ കാര്യങ്ങളും സുരക്ഷിതമാണെന്നു പ്രഖ്യാപിക്കുന്നതിനു മുൻപുതന്നെ രാജ്യത്തെ ദുരന്തനിവാരണ ഓഫീസും സുനാമി മുന്നറിയിപ്പ് റദ്ദാക്കുകയായിരുന്നു. ആളപായത്തെക്കുറിച്ച് ഇതുവരെ പ്രാഥമിക റിപ്പോർട്ടുകളൊന്നുമില്ല.