തുർക്കിയുടെ തലസ്ഥാനമായ അങ്കാറയ്ക്കു സമീപം ബുധനാഴ്ച സർക്കാർ നടത്തുന്ന എയ്റോസ്പേസ് കമ്പനിക്കുനേരെ നടന്ന ഭീകരാക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചെറുത്തുനിൽപ്പിനിടെ ഒരു പുരുഷനും സ്ത്രീയും ഉൾപ്പെടെയുള്ള അക്രമികൾ കൊല്ലപ്പെട്ടതായി ആഭ്യന്തരമന്ത്രി അലി യെർലികായ വെളിപ്പെടുത്തി.
മരിച്ചവരിൽ നാല് ടുസാസ് ജീവനക്കാരും, അക്രമികളെ ആശുപത്രിയിലേക്കു കൊണ്ടുപോയ ടാക്സിഡ്രൈവറും ഉൾപ്പെടുന്നുവെന്ന് തുർക്കി വൈസ് പ്രസിഡന്റ് സെവ്ഡെറ്റ് യിൽമ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. എന്നാൽ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ തുർക്കി പ്രതിരോധമന്ത്രി യാസർ ഗുലർ തീവ്രവാദ കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടി (പി. കെ. കെ.) ആണ് ഈ ആക്രമണത്തിനു പിന്നിലെന്നു വെളിപ്പെടുത്തി.
തുർക്കിയും യൂറോപ്യൻ യൂണിയനും അമേരിക്കയും പി. കെ. കെ. യെ തീവ്രവാദസംഘടനയായി തരംതിരിച്ചിട്ടുണ്ട്. ആക്രമണകാരികളെ തിരിച്ചറിയുന്നതിനുള്ള നടപടികൾ നടന്നുകൊണ്ടിരിക്കുമ്പോൾ, പ്രാഥമിക വിലയിരുത്തൽ ആക്രമണത്തിനുപിന്നിൽ പി. കെ. കെ. യാണെന്ന് സൂചിപ്പിക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി വെളിപ്പെടുത്തി.
തുർക്കിയിലെ നാഷണലിസ്റ്റ് മൂവ്മെന്റ് പാർട്ടിയുടെ നേതാവ് പാർലമെന്റിൽ കുർദിഷ് ബന്ധങ്ങൾ ഉന്നയിച്ച്, സംഘടന പിരിച്ചുവിടുകയാണെങ്കിൽ ജയിലിൽ കഴിയുന്ന പി. കെ. കെ. യുടെ നേതാവിനെ മോചിപ്പിക്കാമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ആക്രമണം നടന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.