നിരവധി ഹമാസ് നേതാക്കൾ ഖത്തറിൽനിന്ന് തുർക്കിയിലേക്കു പോയതായി കാൻ ന്യൂസ് റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഗാസ ബന്ദികളെ മോചിപ്പിക്കുന്നതു സംബന്ധിച്ചുള്ള കരാറിൽ തുർക്കിക്ക് മധ്യസ്ഥനാകാൻ കഴിയില്ലെന്നു വ്യക്തമാക്കി ഇസ്രായേൽ വൃത്തങ്ങൾ. ജറുസലേം പോസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
“തുർക്കിയുടെ ഇടപെടലിനെക്കുറിച്ച് എനിക്കറിയില്ല. അത് ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല” – ഒരു സ്രോതസ്സ് ജറുസലേം പോസ്റ്റിനോടു പറഞ്ഞു. അമേരിക്കയുടെ സഹായത്തോടെ ബാക്കിയുള്ള 101 ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള കരാറിൽ ഈജിപ്തിനൊപ്പം ഖത്തറും പ്രധാന മധ്യസ്ഥരായിരുന്നു.
ഇസ്രായേൽ – അമേരിക്കൻ തടവുകാരനായ ഹെർഷ് ഗോൾഡ്ബെർഗ് – പോളിൻ ഉൾപ്പെടെ ആറ് ബന്ദികളെ, ആഗസ്റ്റ് അവസാനത്തോടെ ഹമാസ് വധിച്ചതുമുതൽ ചർച്ചകൾ വലിയ തോതിൽ മരവിപ്പിച്ചിരിക്കുകയാണ്. ജനുവരി 20 ന് പ്രസിഡന്റ് ജോ ബൈഡൻ വൈറ്റ് ഹൌസിൽനിന്നു പുറത്തുപോകാൻ പോകുന്നതിനാൽ ബൈഡൻ ഉദ്യോഗസ്ഥർക്ക് ഒരു കരാർ ഉണ്ടാക്കാൻ ആവശ്യമായ സ്വാധീനം ഉണ്ടാക്കുന്നത് കൂടുതൽ ബുദ്ധിമുട്ടായിരിക്കുകയാണ്.
ഹമാസ് ഗാസ നേതാവ് യഹ്യ സിൻവാറിന്റെ ഇസ്രായേൽ വധത്തെത്തുടർന്ന് ചർച്ചകൾ പുനരാരംഭിക്കാമെന്ന പ്രതീക്ഷ കഴിഞ്ഞ മാസം ചെറുതായി ഉയർന്നിരുന്നു. ഇസ്രായേൽ ജയിലുകളിലെ ഹമാസ് തടവുകാരുടെ കൈമാറ്റം നടത്തുകയാണെങ്കിൽ “പിടികൂടിയ ഇസ്രായേലികളെ എല്ലാവരെയും മോചിപ്പിക്കാൻ ഞങ്ങൾ തയ്യാറാണ്” എന്ന് ഹമാസ് ഉദ്യോഗസ്ഥൻ ബാസെം നയിം വാരാന്ത്യത്തിൽ സ്കൈ ന്യൂസിനോടു പറഞ്ഞു.
ജൂലൈയിലായിരുന്നു അവസാനമായി ഇടപാട് നടത്തിയതെങ്കിലും അതിനുശേഷം “ഗൗരവമായ നിർദേശങ്ങളൊന്നും” ഉണ്ടായിട്ടില്ലെന്നും നയിം പറഞ്ഞു.