ഗാസയിലെ യുദ്ധത്തെ തുടര്‍ന്ന് ഇസ്രായേലിനെതിരെ വ്യാപാര നിയന്ത്രണം ഏര്‍പ്പെടുത്തി തുര്‍ക്കി. ഇരുമ്പ് ഉരുക്ക് ഉത്പന്നങ്ങള്‍, ജെറ്റ് വിമാനങ്ങള്‍ക്കായുള്ള ഇന്ധനം, നിര്‍മാണോപകരണങ്ങള്‍, കീടനാശിനികള്‍, യന്ത്രങ്ങള്‍, ഗ്രാനൈറ്റ്, സിമന്റ്, ഇഷ്ടിക എന്നിങ്ങനെ 54 തരം ഉത്പന്നങ്ങള്‍ ഇസ്രായേലിലേക്ക് കയറ്റുമതി ചെയ്യുന്നത് നിര്‍ത്തുമെന്നാണ് തുര്‍ക്കിയ വ്യാപാര മന്ത്രാലയം അറിയിച്ചത്. ഗാസയിലേക്ക് സഹായങ്ങള്‍ എയര്‍ഡ്രോപ്പ് ചെയ്യാനുള്ള തുര്‍ക്കിയുടെ ശ്രമം ഇസ്രായേല്‍ തടഞ്ഞതിനു തൊട്ടുപിന്നാലെയാണ് നടപടി.
‘അന്താരാഷ്ട്ര സമൂഹത്തെ അവഗണിക്കുകയും അന്താരാഷ്ട്ര നിയമങ്ങളെ നഗ്നമായി ലംഘിക്കുകയും ചെയ്യുകയാണ് ഇസ്രായേല്‍. ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും മാനുഷിക സഹായങ്ങള്‍ അനുവദിക്കുകയും ചെയ്യുന്നത് വരെ നിയന്ത്രണം തുടരും’-തുര്‍ക്കി വ്യാപാര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
അവശ്യവസ്തുക്കള്‍ എയര്‍ഡ്രോപ് ചെയ്യാന്‍ ശ്രമിച്ച തുര്‍ക്കിയന്‍ വിമാനങ്ങളെ തടഞ്ഞതിന് പിന്നാലെയാണ് ഇസ്രായേലിനെതിരെ കര്‍ശനനടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതരാവുന്നത്. അതേസമയം ഇസ്രയേലുമായുള്ള വ്യാപാര ഉടമ്പടികള്‍ തുര്‍ക്കി ഏകപക്ഷീയമായി ലംഘിച്ചതായി ടെല്‍ അവീവ് ആരോപിച്ചു. ഇതിനെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.