തുര്‍ക്കിയിലും അയല്‍ രാജ്യമായ സിറിയയിലും തിങ്കളാഴ്ചയുണ്ടായ തുടര്‍ച്ചയായ രണ്ട് ഭൂചലനത്തില്‍ മരണം 4000 ആയി ഉയര്‍ന്നു. രക്ഷാപ്രവര്‍ത്തനം തുടരുന്ന സാഹചര്യത്തില്‍ മരണസംഖ്യ ഇനിയും വര്‍ദ്ധിക്കുമെന്നാണ് വിവരം. നിരവധി ആളുകള്‍ കെട്ടിടങ്ങള്‍ക്കിടയില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്.
റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ശേഷം തുടര്‍ചലനങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ നിരവധി കെട്ടിടങ്ങളാണ് നിലംപൊത്തിയത്. ആദ്യ ഭൂചലനം ഉണ്ടായി ഏകദേശം 12 മണിക്കൂറിന് ശേഷമാണ് 7.6 തീവ്രത രേഖപ്പെടുത്തിയ രണ്ടാം ഭൂചലനം ഉണ്ടായത്. ഇത് ദുരന്തത്തിന്‍റെ ആഘാതം വര്‍ദ്ധിപ്പിച്ചതായാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. സിറിയന്‍ അതിര്‍ത്തിയില്‍ നിന്ന് 90 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഗാസിയാന്‍ടെപ് മേഖലയാണ് ഭുചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
1939ന് ശേഷമുണ്ടായ ഏറ്റവും വലിയ ദുരന്തമെന്നാണ് ഭൂചലനത്തെ തുര്‍ക്കി പ്രസിഡന്റ് വിശേഷിപ്പിച്ചത്. പിന്നാലെ അടിയന്തര യോഗം ചേര്‍ന്ന് ഭൂകമ്പബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. ഇന്ത്യ അടക്കം 40ല്‍ അധികം രാജ്യങ്ങള്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് തുര്‍ക്കിയിലെ ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രസിഡന്റ് യൂനുസ് സെസര്‍ പറഞ്ഞു.