ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങള്‍ തുര്‍ക്കിയിലെ പത്തു ദിവസത്തെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം തിരിച്ച് ഇന്ത്യയിലേക്കെത്തി. ഭൂചലനത്തില്‍ തകര്‍ന്ന തുര്‍ക്കിയില്‍ രക്ഷാ പ്രവര്‍ത്തനത്തിനായി രാജ്യത്തുനിന്ന് പുറപ്പെട്ട 47 അംഗങ്ങളും റാംബോ, ഹണി എന്നി ഡോഗ് സ്ക്വാഡുകളുമാണ് തിരിച്ചെത്തിയത്. ഉള്‍നാടുകളിലെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് തിരിച്ചെത്തിയ സേനാംഗങ്ങല്ക്ക് തുര്‍ക്കിയിലെ അദാന വിമാനത്താവളത്തില്‍ ഊഷ്മളമായ സ്വീകരണമായിരുന്നു നല്‍കിയത്.
ഭൂചലനത്തില്‍ തകര്‍ന്ന തുര്‍ക്കിയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ഒറ്റക്കെട്ടായി സേന പ്രവര്‍ത്തിച്ചിരുന്നു. സേനയില്‍ അഞ്ച് സ്ത്രീകള്‍ ഉണ്ടായിരുന്നു. കൂടാതെ ദുരിതബാധിതര്‍ക്ക് വൈകാരികമായ എല്ലാ സഹായങ്ങളും സേന നല്‍കിയതായി എന്‍ഡിഎഫ് സേനാ ഉദ്യോഗസ്ഥ ശിവാനി അഗ്രവാള്‍ പറഞ്ഞു.
ദുരിതത്തിലായ തുര്‍ക്കിയ്ക്കും സിറിയക്കും അടിയന്തിര സഹായങ്ങള്‍ നല്‍കിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. തുര്‍ക്കിയിലും സിറിയയിലും രക്ഷാ പ്രവര്‍ത്തനം നടത്താനായി ഇന്ത്യന്‍ സര്‍ക്കാര്‍ ആരംഭിച്ച ‘ഓപ്പറേഷന് ദോസ്ത് ‘പ്രകാരം നിരവധി അടിയന്തിര സഹായങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
ജീവന് രക്ഷാ മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, സംരക്ഷണ വസ്തുക്കള്‍ ഉള്‍പ്പെടെ നിരവധി സഹായങ്ങള്‍ ഇവയില്‍ ഉള്‍പ്പെടുന്നു. ദേശീയ ദുരന്ത നിവാരണ സേന ആറു വയസുകാരിയുടെ ജീവന് രക്ഷിച്ചത് എറെ ശ്രദ്ധേയമായിരുന്നു. രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിലും കാണാതായവരെ കണ്ടെത്തുന്നതിലും സേന മികച്ച പ്രകടനം കാഴ്ച്ചവെക്കുകയും ചെയ്തു.7.8 റിക്ടര്‍ സ്കെയില്‍ തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 41,000 ആളുകളുടെ ജീവന് നഷ്ടമായിരുന്നു.