Friday, January 31, 2025

ഫിന്‍ലാന്റും സ്വീഡനും നാറ്റോയില്‍ അംഗമാകുന്നതിനെ എതിര്‍ത്ത് തുര്‍ക്കി ഭരണാധികാരി

ഫിന്‍ലാന്റും സ്വീഡനും നാറ്റോയുടെ ഭാഗമാകാനെടുത്ത തീരുമാനം പിന്‍വലിക്കണമെന്നും മേഖലയില്‍ നാറ്റോ നടത്തുന്ന നീക്കം സംഘര്‍ഷം വര്‍ദ്ധിപ്പിക്കുമെന്നും തുര്‍ക്കി ഭരണാധികാരി തയ്യിപ്പ് എര്‍ദ്ദോഗന്‍. തുര്‍ക്കിക്ക് ഭീഷണിയായ കുര്‍ദ്ദിഷ് ഭീകരരെ സഹായിക്കുന്നത് നാറ്റോയാണെന്നതാണ് എര്‍ദ്ദോഗനെ ചൊടിപ്പിക്കുന്നത്.

റഷ്യ ഫിന്‍ലാന്റിനെതിരേയും സ്വീഡനെതിരേയും ഉപരോധം ശക്തമാക്കുവാന്‍ തീരുമാനം എടുത്തതിന് പിന്നാലെയാണ് തുര്‍ക്കിയും നാറ്റോയ്ക്കെതിരെ തിരിഞ്ഞത്. ഫിന്‍ലാന്റും സ്വീഡനും യാതൊരു കാരണവശാലും നാറ്റോയുടെ ഭാഗമാകരുത്. മേഖലയുടെ സമാധാനാന്തരീക്ഷമാണ് ഈ നീക്കത്തിലൂടെ തകരുന്നത്. നാറ്റോയില്‍ ചേരാന്‍ തുര്‍ക്കിക്കെതിരെ സമ്മര്‍ദ്ദ തന്ത്രം ഉപയോഗിക്കുന്നത് വിലപ്പോവില്ലെന്നും അതാത് രാജ്യങ്ങള്‍ക്ക് അവരുടേതായ അതിര്‍ത്തികളും താല്‍പ്പര്യങ്ങളും നിലനിര്‍ത്താന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടെന്നും എര്‍ദ്ദോഗാന്‍ പറഞ്ഞു.

സ്വീഡന്‍ തീവ്രവാദ സംഘടനകളുടെ കൂടാണെന്നും പാര്‍ലമെന്റില്‍ തീവ്രവാദികളെ സംസാരിക്കാന്‍ അനുവദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവരുടെ പാര്‍ലമെന്റുകളില്‍ കുര്‍ദ്ദിഷ് ഭീകരതയെ അനുകൂല എംപിമാര്‍ വരെയുണ്ട്. നമ്മള്‍ അവരെ എങ്ങനെ വിശ്വസിക്കും? കഴിഞ്ഞയാഴ്ച ഇസ്താംബൂളില്‍ ഒരു വാര്‍ത്താ സമ്മേളനത്തില്‍ എര്‍ദോഗന്‍ പറഞ്ഞു.

തുര്‍ക്കിക്ക് ഭീഷണിയായി നിലനില്‍ക്കുന്നത് ആഭ്യന്തരമായി അക്രമം നടത്തുന്ന കുര്‍ദ്ദിഷ് ഭീകരതയാണ്. തുര്‍ക്കിയില്‍ ഒരു സ്വതന്ത്ര രാഷ്ട്രം തേടുന്ന പികെകെ അഥവാ കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി, പതിറ്റാണ്ടുകളായി തുര്‍ക്കിയുമായി സായുധ പോരാട്ടത്തിലാണ്. സിറിയ, ഇറാഖ് അതിര്‍ത്തി കേന്ദ്രീകരിച്ചാണ് കുര്‍ദ്ദിഷ് ഭീകരസംഘടനകള്‍ തുര്‍ക്കിക്കെതിരെ പ്രവര്‍ത്തിക്കുന്നത്. നാറ്റോ സഖ്യമാണ് കുര്‍ദ്ദിഷ് ഭീകരര്‍ക്ക് പിന്തുണ നല്‍കുന്നതെന്നതിനാല്‍ യുക്രെയ്ന്‍ വിഷയത്തില്‍ തുടക്കം മുതല്‍ തുര്‍ക്കി റഷ്യയ്ക്കൊപ്പമാണ്.

അതേസമയം ലാത്വിയ, എസ്റ്റോണിയ, ലിത്വാനിയ എന്നിവയുടെ വിദേശകാര്യ മന്ത്രിമാര്‍ നാറ്റോയില്‍ അംഗത്വം നേടാനുള്ള സ്വീഡന്റെയും ഫിന്‍ലന്‍ഡിന്റെയും പദ്ധതികളെ അംഗീകരിച്ചിട്ടുണ്ട്.

 

 

 

Latest News