Thursday, November 21, 2024

സിറിയയിൽ സാധാരണക്കാരുടെ ജീവിതം ദുരിതപൂർണ്ണമാക്കി തുർക്കിയുടെ വ്യോമാക്രമണം

വരൾച്ച ബാധിച്ച വടക്കുകിഴക്കൻ സിറിയയിൽ തുർക്കി നടത്തുന്ന വ്യോമാക്രമണങ്ങൾ ഒരു ദശലക്ഷത്തിലധികം ആളുകൾക്ക് വൈദ്യുതിയും വെള്ളവും ഇല്ലാതാക്കിയതായി റിപ്പോർട്ട്. 2019 ഒക്ടോബറിനും 2024 ജനുവരിക്കും ഇടയിൽ കുർദിഷ് നിയന്ത്രണത്തിലുള്ള ഓട്ടോണമസ് അഡ്മിനിസ്ട്രേഷൻ ഓഫ് നോർത്ത് ആൻഡ് ഈസ്റ്റ് സിറിയയിലെ (എ. എ. എൻ. ഇ. എസ്.) എണ്ണപ്പാടങ്ങൾ, വാതകസൗകര്യങ്ങൾ, പവർ സ്റ്റേഷനുകൾ എന്നിവയിൽ തുർക്കി നൂറിലധികം ആക്രമണങ്ങൾ നടത്തി എന്ന് ബി. ബി. സി. വേൾഡ് സർവീസ് ശേഖരിച്ച കണക്കുകൾ വെളിപ്പെടുത്തുന്നു.

സംഭവത്തെ തുടർന്ന് തുർക്കി നടത്തിയത് അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. കാലാവസ്ഥാ വ്യതിയാനവും വർഷങ്ങളോളം നീണ്ടുനിന്ന ആഭ്യന്തരയുദ്ധവും നാലുവർഷത്തെ കടുത്ത വരൾച്ചയും മൂലം ദുരിതമനുഭവിക്കുന്ന ഈ മേഖലയിലെ മാനുഷികപ്രതിസന്ധിക്ക് തുർക്കിയുടെ ആക്രമണങ്ങൾ കൂടുതൽ ആക്കം കൂട്ടി. വെള്ളം ഇതിനകം കുറവായിരുന്നുവെങ്കിലും അത്യാവശ്യത്തിനുള്ളത് ആളുകൾക്ക് ലഭിക്കുമായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ വൈദ്യുതി അടിസ്ഥാനസൗകര്യങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങൾ അലൌക്കിലെ മേഖലയിലെ പ്രധാന വാട്ടർ സ്റ്റേഷനിലേക്കുള്ള വൈദ്യുതി വിതരണം തടസപ്പെടാൻ കാരണമായി മാറി. പിന്നീട് ഇതുവരെ ഇവിടെ വൈദ്യുതവിതരണം ഇവിടെ പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.

തീവ്രവാദികളായി കണക്കാക്കുന്ന കുർദിഷ് വിഘടനവാദി ഗ്രൂപ്പുകളുടെ ‘വരുമാന സ്രോതസ്സുകളും കഴിവുകളും’ ലക്ഷ്യം വച്ചായിരുന്നു ആക്രമണം നടത്തിയതെന്നാണ് ഈ സംഭവത്തിൽ തുർക്കി നൽകുന്ന വിശദീകരണം. എന്നാൽ ഈ ആക്രമണം സാധാരണ ജനങ്ങളുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുകയായിരുന്നു.

ഒരിക്കൽ അലൌക്കിൽനിന്ന് വെള്ളം ലഭിച്ചിരുന്ന ഹസ്സകെ പ്രവിശ്യയിലെ ഒരു ദശലക്ഷത്തിലധികം ആളുകൾ ഇപ്പോൾ ഏകദേശം 12 മൈൽ (20 കിലോമീറ്റർ) അകലെനിന്ന് പമ്പ് ചെയ്ത ജലവിതരണത്തെ ആശ്രയിക്കുന്നു. സ്കൂളുകൾ, അനാഥാലയങ്ങൾ, ആശുപത്രികൾ, ഏറ്റവും ആവശ്യമുള്ളവർ എന്നിവയ്ക്ക് ജലബോർഡ് മുൻഗണന നൽകിക്കൊണ്ട് ഓരോ ദിവസവും നൂറുകണക്കിന് ടാങ്കറുകൾവഴി വെള്ളമെത്തിക്കുന്നുണ്ട്. എന്നാൽ, ഈ വെള്ളം ഒന്നിനും മതിയാകാത്ത അവസ്ഥയാണുള്ളത്.

“ഇവിടെ വെള്ളത്തിന് സ്വർണ്ണത്തെക്കാൾ വിലയുണ്ട്. ജനങ്ങൾക്ക് കൂടുതൽ വെള്ളം ആവശ്യമാണ്. നിങ്ങൾ അവർക്ക് വെള്ളം നൽകണമെന്നു മാത്രമാണ് അവർ ആഗ്രഹിക്കുന്നത്” – ടാങ്കർ ഡ്രൈവറായ അഹമ്മദ് അൽ അഹമ്മദ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News