Monday, November 25, 2024

ഛത്തീസ്ഗഡിൽ ഒറ്റ ദിവസം ഇരുപതോളം ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾ; നീതിക്കായി കേണ് ക്രൈസ്തവർ

ഛത്തീസ്ഗഡിൽ, നാരായൺപൂർ ജില്ലയിലെ ബസ്തർ ഉൾപ്പെടുന്ന വിവിധ ഗ്രാമങ്ങളിൽ ഡിസംബർ 18- ന് ഇരുപതോളം ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ട്. ആക്രമണത്തെക്കുറിച്ചുള്ള എഫ്‌ഐആർ (പ്രഥമ വിവരങ്ങൾ) രജിസ്റ്റർ ചെയ്യുന്നതിനായി അധികാരികളിൽ സമ്മർദ്ദം ചെലുത്താൻ പ്രദേശവാസികളായ ഏകദേശം ആയിരത്തോളം ആളുകൾ നാരായൺപൂരിലെ ജില്ലാ കളക്‌ട്രേറ്റിനു പുറത്ത് ക്യാമ്പ് ചെയ്യുകയാണ്. ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ജില്ലാ കളക്ടർക്ക് നിവേദനം നൽകി.

ആർഎസ്എസ്- ന്റെയും മറ്റ് ഹിന്ദുത്വ സംഘടനകളുടെയും സ്വാധീനമുള്ള പ്രാദേശിക രാഷ്ട്രീയനേതാക്കളാണ് അക്രമത്തിന് പ്രേരിപ്പിച്ചതെന്ന് പ്രദേശവാസികൾ പറയുന്നു. ഡിസംബർ 18, ഞായറാഴ്ച മാത്രം വിവിധയിടങ്ങളിൽ ആയി ഇരുപതോളം ആക്രമണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. നവംബർ, ഒക്‌ടോബർ മാസങ്ങളിൽ മൂന്നെണ്ണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബസ്തറിലെ ചേരാങ്ങിൽ 50 പേരെ മർദ്ദിക്കുകയും വീടുകളിൽ നിന്ന് പുറത്താക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഭട്പാൽ, മോഡേംഗ, ഗോഹ്ദ എന്നിവിടങ്ങളിൽ ക്രിസ്ത്യാനികൾ ശാരീരികമായും ആക്രമിക്കപ്പെട്ടു.

വിവിധ ഗ്രാമങ്ങളിലെ രാഷ്ട്രീയനേതാക്കൾ ക്രൈസ്തവ വിശ്വാസികളെ ലക്ഷ്യമിട്ടതായി നാട്ടുകാർ പരാതിയിൽ ആരോപിക്കുന്നു. “ഞങ്ങളുടെ വിളകളും ഉൽപന്നങ്ങളും അവർ മോഷ്ടിച്ചു. ഞങ്ങളെ ഭീഷണിപ്പെടുത്താനും ഉപദ്രവിക്കാനും ശാരീരികമായി ആക്രമിക്കാനും ഗ്രാമങ്ങളിലെ രാഷ്ട്രീയ നേതാക്കൾ മറ്റുള്ളവരെ പ്രേരിപ്പിക്കുകയാണ്. ക്രൈസ്തവർ നിഗൂഢപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്ന് ആരോപിച്ച് സാമൂഹിക ബഹിഷ്‌കരണത്തിനുള്ള ആഹ്വാനവും ഉണ്ടായിരുന്നു. സ്ത്രീകളും കുട്ടികളും വരെ അവരുടെ ലക്ഷ്യമായി മാറിയിരിക്കുന്നു. ഞങ്ങളുടെ മൗലികാവകാശങ്ങൾ, ജീവിക്കാനുള്ള അവകാശം, മനുഷ്യാവകാശങ്ങൾ എന്നിവ ഞങ്ങളിൽ നിന്ന് കവർന്നെടുക്കുകയാണ് അവർ. പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ പ്രകോപനമാണ് അക്രമത്തിനു കാരണം” – പ്രദേശവാസികൾ പറയുന്നു.

ആക്രമണത്തിന് എഫ്‌ഐആർ ഫയൽ ചെയ്യാനും നടപടിയെടുക്കാനും ഭരണകൂടത്തെ സമ്മർദ്ദത്തിലാക്കാൻ ഇവർ ജില്ലാ കളക്ട്രേറ്റിനു മുന്നിൽ ക്യാമ്പ് ചെയ്യുകയാണ്. ആക്രമണത്തിന് പ്രേരിപ്പിച്ചവർക്കും നടപ്പാക്കിയവർക്കുമെതിരെ നടപടിയെടുക്കണമെന്നാണ് ഇവരുടെ ആവശ്യം.

കടപ്പാട്: https://www.ptinews.com

Latest News