Tuesday, November 26, 2024

ഒന്നര മണിക്കൂറിനുള്ളില്‍ ഇരുപത്തൊന്ന് ഭൂചലനങ്ങള്‍; റഷ്യയിലും ദക്ഷിണ കൊറിയയിലും ജാഗ്രതാ നിര്‍ദേശം

ജപ്പാന്റെ വടക്കന്‍-മധ്യ മേഖലകളില്‍ ഇന്നലെ വൈകിട്ട് ഒന്നര മണിക്കൂറിനുള്ളില്‍ 21 ഭൂചലനങ്ങളുണ്ടായെന്ന് റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ നാലിന് മുകളിലാണ് ഇവയുടെയെല്ലാം തീവ്രത രേഖപ്പെടുത്തിയത്. ജപ്പാന്‍ സമയം വൈകിട്ട് 4.10നാണ് ആദ്യ ഭൂചലനമുണ്ടായത്.

ടോയോമ, ഇഷികാവ, നിഗറ്റ പ്രദേശങ്ങളെയാണ് ഭൂചലനം പ്രധാനമായും ബാധിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. പലയിടങ്ങളിലെയും വൈദ്യുതി വിതരണ ശൃംഖല തകരാറിലായി. ഏകദേശം 34000 വീടുകളില്‍ വൈദ്യുതി ഇല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. റോഡുകളെല്ലാം വിണ്ടുകീറിയ നിലയിലാണ്.

ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തില്‍നിന്ന് 300 കിലോമീറ്റര്‍ വരെ സുനാമിത്തിരകള്‍ അടിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഹവായ് ആസ്ഥാനമായ പസിഫിക്ക് സുനാമി മുന്നറിയിപ്പ് കേന്ദ്രത്തിന്റെ അറിയിപ്പ്. ഇഷികാവയിലെ വാജിമ സിറ്റിയില്‍ 1.2 മീറ്റര്‍ ഉയരത്തില്‍ സൂനാമി തിരകള്‍ അടിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ നോട്ടോയില്‍ അഞ്ച് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ അടിക്കുമെന്നാണ് ജപ്പാന്‍ മെറ്റീരിയോളജിക്കല്‍ ഏജന്‍സി അറിയിച്ചത്. ജപ്പാനില്‍ ഭൂചലനം ഉണ്ടായ സാഹചര്യത്തില്‍ ദക്ഷിണ കൊറിയയും റഷ്യയും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സമുദ്ര നിരപ്പിലുണ്ടാകുന്ന ഉയര്‍ച്ച നിരീക്ഷിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ തീരദേശവാസികളോട് പ്രദേശം വിട്ടു പോകണമെന്നും ദക്ഷിണ കൊറിയ അറിയിച്ചു.

കിഴക്കന്‍ റഷ്യന്‍ പ്രദേശങ്ങളായ വല്‍ഡിവോസ്റ്റോക്ക്, നഖോഡ്ക, സഖാലിന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പ് നല്കി. മത്സ്യബന്ധനത്തിനായും മറ്റും കടലില്‍ പോയവര്‍ എത്രയും പെട്ടെന്ന് തിരിച്ചെത്തണമെന്നും റഷ്യ അറിയിച്ചു.

ഭൂകമ്പത്തില്‍ പ്രദേശത്തെ ആണവനിലയങ്ങള്‍ക്ക് തകരാറുണ്ടായിട്ടില്ലെന്ന് ജപ്പാന്‍ വക്താവ് യോഷിമാസ ഹയാഷി അറിയിച്ചു. ഒഹിയിലെ കാന്‍സായി ഇലക്ട്രിക് പവറിലെയും ഫുക്കുയ് മേഖലയിലെ തകഹാമ പ്ലാന്റിലെയും അഞ്ച് സജീവ റിയാക്ടറുകള്‍ ഉള്‍പ്പെടെയാണിത്. ഇഷികാവയിലെ ഹൊക്കുരിക്കുസ് ഷിക പ്ലാന്റിലെ രണ്ട് റിയാക്ടറുകള്‍ ഭൂചലനം ഉണ്ടാകുന്നതിനു മുന്‍പ് പരിശോധനകള്‍ക്കായി നിര്‍ത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സുനാമി സാധ്യത മുന്നില്‍ കണ്ട് ആളുകളോട് ഉയര്‍ന്ന പ്രദേശങ്ങളിലേക്കു മാറാന്‍ സര്‍ക്കാര്‍ മുന്നറിയിപ്പു നല്കി. ഭൂകമ്പത്തിന് പിന്നാലെ ഫുക്കുയി, നോര്‍തേണ്‍ ഹൊയ്ഗോ, ഹൊക്കായ്ഡോ, ഷിമാനെ, യമാഗുച്ചി, ടൊട്ടോരി തുടങ്ങിയ സ്ഥലങ്ങളില്‍ അതിശക്തമായ തിരയാണടിക്കുന്നത്.

 

Latest News