ട്വിറ്റര്‍ സ്വന്തമാക്കാനുള്ള നീക്കം ഇലോണ്‍ മസ്‌ക് തുടങ്ങിയതോടെ അതിന് തടയിടാനുള്ള ശ്രമങ്ങളും ആരംഭിച്ചു. ഒരു ഓഹരിക്ക് 54.20 ഡോളര്‍ എന്ന നിലയില്‍ 43 ബില്യണ്‍ ഡോളര്‍ ആകെ മൂല്യം വരുന്ന ഓഹരികള്‍ സ്വന്തമാക്കാനാണ് ഇലോണ്‍ മസ്‌ക് നീക്കം നടത്തുന്നത്. മസ്‌കിന്റെ ഏറ്റെടുക്കലിനെ പ്രതിരോധിക്കാന്‍ ‘പോയ്‌സണ്‍ പില്‍’ തന്ത്രം നടപ്പാക്കാനുള്ള നീക്കമാണ് ട്വിറ്റര്‍ ആരംഭിച്ചിട്ടുള്ളത്.
ഏതെങ്കിലും ഒരു വ്യക്തിഗത നിക്ഷേപകനോ സ്ഥാപനമോ 15 ശതമാനത്തിലധികം ഓഹരി കൈക്കലാക്കാന്‍ വന്നാല്‍, ട്വിറ്റര്‍ കൂടുതല്‍ ഓഹരികള്‍ വിപണിയില്‍ കുറഞ്ഞ വിലയ്ക്ക് വില്‍പ്പനയ്ക്ക് എത്തിച്ച് മസ്‌കിനെ പോലെയുള്ളവരുടെ ഓഹരി ശതമാനം കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ഷെയര്‍ ഹോള്‍ഡര്‍ റൈറ്റ്‌സ് പ്ലാന്‍ എന്നും അറിയപ്പെടുന്ന ഈ പദ്ധതി അടുത്തവര്‍ഷം ഏപ്രില്‍ വരെ തുടരാനും ട്വിറ്റര്‍ ബോര്‍ഡ് തീരുമാനിച്ചു.
നിലവിലെ രീതിയില്‍ ട്വിറ്റര്‍ വളരുകയോ അതിന്റെ അഭിപ്രായ സ്വാതന്ത്ര്യ നയം മെച്ചപ്പെടുകയോ ചെയ്യില്ലെന്നും മസ്‌ക് ട്വിറ്റര്‍ ബോര്‍ഡിനയച്ച കത്തില്‍ പറയുന്നു. കമ്പനിയെ ഏറ്റെടുത്ത് സമൂലമായ മാറ്റം കൊണ്ടുവരികയാണ് ലക്ഷ്യമെന്നാണ് മസ്‌കിന്റെ വിശദീകരണം. നിലവിലെ ഓഫര്‍ സ്വീകാര്യമല്ലെങ്കില്‍ മാനേജ്‌മെന്റില്‍ വിശ്വാസമില്ലെന്ന് പ്രഖ്യാപിക്കേണ്ടി വരുമെന്നും നിലവില്‍ കയ്യിലുള്ള ഓഹരികള്‍ ഉപേക്ഷിക്കുന്നത് ആലോചിക്കേണ്ടി വരുമെന്ന ഭീഷണിയും മസ്‌ക് നടത്തുന്നുണ്ട്.
ഇതേസമയം മസ്‌ക് ട്വിറ്ററിന് വില പറഞ്ഞതില്‍ ട്വിറ്റര്‍ ജീവനക്കാര്‍ കമ്പനി സിഇഒ പരാഗ് അഗ്രവാളിനെ ആശങ്ക അറിയിക്കുകയും ചെയ്തു. എന്നാല്‍ മസ്‌കിന്റെ നീക്കങ്ങളില്‍ കമ്പനി ബന്ദിയാക്കപ്പെടില്ലെന്നും കമ്പനി ബോര്‍ഡ് വിശദമായ ആലോചന നടത്തി തീരുമാനമെടുക്കുമെന്നും പരാഗ് അഗ്രവാള്‍ ജീവനക്കാരെ അറിയിച്ചു.
കൂടാതെ ട്വിറ്ററിന്റെ ഓഹരി ഉടമയായ മാര്‍ക് ബെയ്ന്‍ റാസ്ലെ ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതിയില്‍ മസ്‌കിന്റെ ട്വിറ്റര്‍ ഓഹരി വാങ്ങിയ നടപടിയ്‌ക്കെതിരെ കേസ് നല്‍കിയിരിക്കുകയാണ്.