ട്വിറ്റർ സിഇഒ ഇലോൺ മസ്കിനെതിരെ വിമർശനം ഉയർത്തിയ പ്രശസ്ത മാധ്യമ പ്രവർത്തകരുടെ അക്കൗണ്ടുകൾ മരവിപ്പിച്ച് ട്വിറ്റർ. സിഎൻഎൻ, വാഷിംഗ്ടൺ പോസ്റ്റ്, ന്യൂയോർക്ക് ടൈംസ്, സബ്‌സ്റ്റാക്ക് എന്നിവയുൾപ്പെടെയുള്ള മാധ്യമ സ്ഥാപനങ്ങളിലെ റിപ്പോർട്ടർമാരുടെ അക്കൗണ്ടുകളാണ് ട്വിറ്റെർ താത്കാലികമായി മരവിപ്പിച്ചത്. മസ്കിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചു എന്ന കാരണം പറയുന്നുണ്ടെങ്കിലും മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ മരവിപ്പിച്ചതിന് കൃത്യമായ വിശദീകരണം നൽകാൻ മസ്കോ, ട്വിറ്ററോ തയ്യാറായിട്ടില്ല.
മറ്റെല്ലാവർക്കും എന്നപോലെ ‘പത്രപ്രവർത്തകർക്കും’ അതേ ഡോക്‌സിംഗ് നിയമങ്ങൾ ബാധകമാണ് എന്ന് മസ്ക് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ആരുടെയെങ്കിലും തത്സമയ ലൊക്കേഷൻ വിവരങ്ങൾ അയാളുടെ സമ്മതമില്ലാതെ പങ്കുവെക്കുന്നവരുടെ അക്കൗണ്ട് സസ്പെൻഡ് ചെയ്യുമെന്നും മസ്ക് ട്വീറ്റിൽ പറഞ്ഞിരുന്നു. അതിനു പിന്നാലെ മസ്കിന്റെ സ്വകാര്യ ജെറ്റിന്റെ യാത്രാ വിവരങ്ങൾ ശേഖരിച്ച മറ്റൊരു അക്കൗണ്ടും മരവിപ്പിച്ചിരുന്നു.
ഒരാളുടെ ലൊക്കേഷൻ അടക്കമുള്ള വ്യക്തിപരമായ വിവരങ്ങൾ അയാളുടെ സമ്മതമില്ലാതെ പൊതുമധ്യത്തിൽ പങ്കുവെക്കുന്നത് തടയുന്നതിനായി കഴിഞ്ഞ ദിവസം ട്വിറ്റർ നിയമങ്ങൾ കൊണ്ടുവന്നിരുന്നു. ഡോക്‌സിങ് നിയമം അടിസ്ഥാനമാക്കിയാണ് മാധ്യമപ്രവർത്തകരുടേയും അക്കൗണ്ടുകൾ പൂട്ടിയത് എന്നാണ് സൂചന.