ലോകത്തിലെ ഏറ്റവും വലിയ മൈക്രോ ബ്ലോഗിംഗ് സാമൂഹ്യമാധ്യമമായ ട്വിറ്ററിനെ കൈപ്പിടിയിലൊതുക്കി ഇലോൺ മാസ്ക്. ട്വിറ്ററിൻറെ എല്ലാ ഡയറക്ടർമാരെയും പുറത്താക്കി മൈക്രോ ബ്ലോഗിംഗ് മാധ്യമത്തിൻറെ ഏക ഡയറക്ടറായി മാറിയിരിക്കുകയാണ് ഇപ്പോൾ ടെസ്‌ല സി.ഇ.ഒ കൂടിയായ മാസ്ക്.
സാമൂഹികമാധ്യമ ഭീമനായ ട്വിറ്ററിനെ മാസ്ക് എറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് യു.എസ് കോടതി വരെ വിഷയം എത്തിയിരുന്നു. കോടതി അനുവദിച്ച സമയം അവസാനിക്കാൻ ഏതാനും മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് മാസ്ക് ട്വിറ്ററിനെ സ്വന്തമാക്കിയത്. തുടർന്ന് മുൻ സി.ഇ.ഒ പരാഗ്, ലീഗൽ-പോളിസി-ട്രസ്‌റ്റ് മേധാവി വിജയ ഗദ്ദെ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ നെഡ് സെഗാൾ എന്നിവരെ മാസ്ക് പിരിച്ചുവിട്ടിരുന്നു.
നവംബർ ഒന്നിന് മുൻപായി കമ്പനിയിൽ വൻതോതിൽ പിരിച്ചുവിടൽ നടക്കുമെന്ന വാർത്ത റോയിട്ടേഴ്സ് പുറത്തു വിട്ടിരുന്നു. എന്നാൽ ഇത്, മാസ്ക് നിഷേധിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ഡയറക്ടർമാരെ എല്ലാം പുറത്താക്കിക്കൊണ്ടുള്ള തീരുമാനം എത്തുന്നത്. 44 ബില്യൺ ഡോളറിനാണ് കമ്പനിയെ ടെസ്ല സി. ഇ. ഒ സ്വന്തമാക്കിയത്. ‘പക്ഷി സ്വതന്ത്രമായി’ എന്ന് ട്വിറ്ററിനെ ഏറ്റെടുത്ത ശേഷം മാസ്ക് പറഞ്ഞത് ഏറെ ശ്രദ്ധ നേടിയിരുന്നു.