ട്വിറ്ററിന്റെ പേര് ‘എക്‌സ്’ എന്ന് മാറ്റിയതിനു പിന്നാലെ മൈക്രോ ബ്ലോഗിംങ് പ്ലാറ്റ്‌ഫോമിന് ഇന്തോനേഷ്യയില്‍ നിരോധനം. അശ്ലീല ഉള്ളടക്കങ്ങളുള്ള സൈറ്റുകള്‍ക്കു സമാനമായ പേര് വന്നതാണ് നിരോധനത്തിനു കാരണമെന്നാണ് റിപ്പോർട്ട്. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്ററിന്റെ പേര് കഴിഞ്ഞ ദിവസമാണ് ‘എക്‌സ്’ എന്നു മാറ്റിയത്.
അശ്ലീലസാഹിത്യം, ചൂതാട്ടം തുടങ്ങി ഇന്തോനേഷ്യയിൽ നിരോധിക്കപ്പെട്ട കാര്യങ്ങൾ ചെയ്തിരുന്ന വിവിധ സൈറ്റുകൾ ഇതേ ഡൊമെയ്ൻ രാജ്യത്ത് ഉപയോഗിച്ചിരുന്നുവെന്നും അതിനാലാണ് ഈ നിരോധനം ഏർപ്പെടുത്തുന്നതെന്നും ഇന്തോനേഷ്യയിലെ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫോർമാറ്റിക്‌സ് മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി; എന്നാല്‍ ‘എക്‌സ്’ന് താൽക്കാലിക നിരോധനമാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പേര് മാറിയതിനുപുറമെ, ട്വിറ്ററിന്റെ ലോഗോ ആയ നീലക്കിളിയെ മാറ്റി പകരം ‘എക്‌സ്’ എന്ന ലോഗോയും നൽകിയിട്ടുണ്ട്.
അതേസമയം, എക്‌സിന്റെ എക്‌സിക്യൂട്ടീവുകൾ പ്രശ്‌നം പരിഹരിക്കാൻ മന്ത്രാലയവുമായി ബന്ധപ്പെട്ടതായി അൽ-ജസീറ റിപ്പോർട്ട് ചെയ്തു. എക്സ് ഡോട്ട് കോം എന്ന ഡൊമെയ്‌ൻ ഇപ്പോൾ ട്വിറ്ററിന്റെ ഉടമസ്ഥതയിലാണെന്നു കാണിച്ച് എക്സ് ഉദ്യോഗസ്ഥർ മന്ത്രാലയത്തിന് കത്തയയ്ക്കാൻ പോകുകയാണെന്നും വിവരമുണ്ട്. ഈ വിഷയത്തിൽ എക്സ് പ്രതിനിധികളുമായി സംസാരിച്ചുവെന്ന് ഇൻഫർമേഷൻ ആൻഡ് പബ്ലിക് കമ്മ്യൂണിക്കേഷൻ ഡയറക്ടർ ജനറൽ ഉസ്മാൻ കൻസോംഗ് പ്രാദേശികമാധ്യമങ്ങളോട് അറിയിച്ചു. ഇതിനർഥം, ഇന്തോനേഷ്യക്കാർക്ക് നിലവിൽ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കാൻ കഴിയില്ല എന്നാണ്. 24 ദശലക്ഷം ഉപയോക്താക്കളാണ് എക്സിന് ഇന്തോനേഷ്യയിലുള്ളത്.02:48 PM