Tuesday, November 26, 2024

പാംഗോങില്‍ പാലം നിര്‍മ്മാണം തുടര്‍ന്ന് ചൈനയുടെ പ്രകോപനം

പാംഗോങിലെ പാലം നിര്‍മ്മാണം തുടര്‍ന്ന് ചൈനയുടെ പ്രകോപനം. കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തില്‍ ചൈന രണ്ടാമത്തെ പാലം നിര്‍മിക്കുന്നുവെന്ന റിപ്പോര്‍ട്ട് കേന്ദ്രം ശരിവച്ചു. ഈ വര്‍ഷം ആദ്യം ചൈന നിര്‍മ്മിച്ച പാലത്തിന് തൊട്ടടുത്തായിട്ടാണ് രണ്ടാമത്തെ പാലം.

പാങ്ഗോങ്ങില്‍ ചൈന പാലം നിര്‍മിക്കുന്നത് നേരത്തെ മുതല്‍ അവര്‍ അനധികൃതമായി കൈവശംവച്ചിരിക്കുന്ന സ്ഥലത്താണെന്ന് വിദേശകാര്യമന്ത്രാലയം പറയുന്നു. ചൈന നടത്തുന്ന അനധികൃത നിര്‍മാണം സ്വീകാര്യമല്ല. സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിരീക്ഷിക്കുകയാണ്. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കും. രാജ്യത്തിന്റെ സുരക്ഷാ താല്‍പര്യം സംരക്ഷിക്കാന്‍ 2014 മുതല്‍ അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നുണ്ട്.

തന്ത്രപരവും സുരക്ഷാപരവുമായ ആവശ്യം നിറവേറ്റുന്നതിനൊപ്പം മേഖലയുടെ സാമ്പത്തിക വികസനം ഉറപ്പാക്കാനും അടിസ്ഥാന സൗകര്യം ഉറപ്പിക്കാനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി.

അതിനിടെ, ഇന്ത്യന്‍ സേനയുടെ ആത്മ ധൈര്യത്തെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പ്രശംസിച്ചു. ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന തരത്തിലാണ് മേഖലയിലെ സൈന്യത്തിന്റെ പ്രവര്‍ത്തനമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

 

Latest News