Tuesday, November 26, 2024

സീറോ കോവിഡ് നയം വിലങ്ങായി; അടിയന്തിര വൈദ്യസഹായം ലഭിക്കാതെ ചൈനയിൽ രണ്ടു കുട്ടികൾ മരണമടഞ്ഞു

കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് അടിയന്തിര വൈദ്യസഹായം ലഭിക്കാതെ നാലു മാസം പ്രായമായ കുഞ്ഞു മരിച്ചതോടെ ചൈനയിൽ പ്രതിക്ഷേധം രൂക്ഷമായി. സെൻട്രൽ സിറ്റിയായ ഷെങ്‌ഷൗവിലെ ഒരു ഹോട്ടലിൽ ക്വാറൻറീനിൽ കഴിയവേ ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ട നാല് മാസം പ്രായമുള്ള പെൺകുട്ടിയാണ് ഒടുവിൽ മരിച്ചത്.

കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് അടിയന്തര സർവ്വീസുകൾ തടസപ്പെട്ടതാണ് കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നത് വൈകാൻ കാരണമായതെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. അടിയന്തര ചികിത്സയ്ക്കായി കുട്ടിയെ 100 കിലോമീറ്റർ ദൂരയുള്ള ആശുപത്രിയിലെത്തിക്കാൻ 11 മണിക്കൂർ വേണ്ടി വന്നു. ഇതിനിടയിൽ ആരോഗ്യനില വഷളായ കുഞ്ഞു മരണത്തിനു കീഴടങ്ങുകയായിരുന്നു.

കഴിഞ്ഞ ആഴ്ച വടക്കുപടിഞ്ഞാറൻ മേഖലയിൽ കാർബൺ മോണോക്‌സൈഡ് ശ്വസിച്ചതിനെ തുടർന്ന് ചികിത്സ കിട്ടാതെ മൂന്ന് വയസുകാരൻ മരിച്ചിരുന്നു. ഈ സംഭവത്തിലും അടിയന്തര സർവ്വീസുകൾ തടസപ്പെട്ടതാണ് മരണത്തിനിടയാക്കിയതെന്ന് വാർത്തകൾ വന്നിരുന്നു. ഇതേ തുടർന്ന് അടിയന്തര സർവ്വീസുകൾക്ക് ഇളവുകൾ നൽകുമെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് സർക്കാർ ഉറപ്പ് നൽകിയെങ്കിലും രണ്ടാമത്തെ കുട്ടി കൂടി മരിച്ചതോടെ പ്രതിഷേധം ശക്തമായി.

ചൈനീസ് പ്രസിഡൻറ് ഷി ജിങ് പിൻറെ നിർദ്ദേശപ്രകാരമാണ് ചൈന സീറോ കൊവിഡ് നയം ശക്തമാക്കിയത്. ചൈനയിൽ കോവിഡ് വ്യാപനം ശക്തമായതിനെ തുടർന്നാണ് ഇത്. രോഗവ്യാപനം രേഖപ്പെടുത്തിയ നഗരങ്ങൾ പൂർണ്ണമായും അടച്ച് പൂട്ടും. എന്നാൽ, ഇത്തരത്തിൽ അടച്ച് പൂട്ടലിന് വിധേയമാകുന്ന നഗരത്തിലേക്കുള്ള അടിയന്തര സർവ്വീസുകളും മറ്റു സേവനങ്ങളും നിഷേധിക്കപ്പെടുകയാണെന്നും ജനങ്ങൾ ഭക്ഷണവും വെള്ളവും ഇല്ലാതെ ബുദ്ധിമുട്ടുകയാണെന്നും റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.

Latest News