കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 27-മത് കേരളാ രാജ്യാന്തര ചലച്ചിത്രമേളയെ വരവേൽക്കാൻ തിരുവനന്തപുരം നഗരം ഒരുങ്ങി. ഡിസംബര്‍ 9 മുതല്‍ 16 വരെയാണ് ചലച്ചിത്രമേള. 70 ലധികം രാജ്യങ്ങളിൽ നിന്നുള്ള 184 ചിത്രങ്ങളാണ് എട്ടുദിവസം നീണ്ടുനില്ക്കുന്ന മേളയിൽ പ്രദർശനത്തിനെത്തുന്നത്.
ഡിസംബർ 9 -ന് ആരംഭിക്കുന്ന ചലച്ചിത്രമേള നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകീട്ട് 6 -ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 2500 സീറ്റുകളോടുകൂടിയ ഓപ്പൺ തിയേറ്റർ ആയ നിശാഗന്ധിയാണ് ചലച്ചിത്ര മാമാങ്കത്തിന് സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ പ്രദർശന വേദി.
അതേസമയം ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനം ഇന്നലെ സാംസ്കാരിക വകുപ്പ് മന്ത്രി വി. എന്‍ വാസവന്‍ നിർവഹിച്ചു. ഫെസ്റ്റിവലിന് എത്തിച്ചേരുന്ന 10,000 മുതൽ 12,000 വരെയുള്ള സിനിമാസ്വാദകർക്കുള്ള പാസുകളും ഡെലിഗേറ്റ് കിറ്റും വിതരണം ചെയ്യുന്നത് 40 പേരടങ്ങുന്ന ഡെലിഗേറ്റ് സെല്ലാണ്. വിദ്യാർത്ഥികൾക്കും പ്രായമായവർക്കും പ്രത്യേക കൗണ്ടറും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്.
മേളയുടെ ഭാഗമായി വിവിധ തരം കലാ സാംസ്‌കാരിക പരിപാടികളും ചലച്ചിത്രമേളയോട് അനുബന്ധിച്ചു അരങ്ങേറും. പ്രധാനവേദിയായ ടാഗോർ തിയേറ്ററിൽ തമിഴ് റോക്ക് ബാൻഡ് ജാനു, പ്രദീപ് കുമാർ തുടങ്ങിയവരുടെ ഗാനസന്ധ്യകളാവും നടക്കുക. മേളയുടെ ഭാഗമായി ഓപ്പൺ ഫോറം, മീറ്റ് ദി ഡിറക്റ്റേഴ്സ്, ഇൻ കോൺവർസേഷൻ വിത്ത് തുടങ്ങിയ പരിപാടികളും ഉണ്ടാകും.
പ്രധാന വേദിയായ ടാഗോർ തിയേറ്ററടക്കം14 തിയേറ്ററുകളാണ് ചലച്ചിത്ര മേളക്കായി ഒരുക്കിയിരിക്കുന്നത്. 9600 ഒാളം സീറ്റുകളാണ് മേളയ്‌ക്കായി വിവിധ തീയറ്ററുകളില്‍ സജ്ജമാക്കിയിട്ടുള്ളത്. മേളയുടെ സമാപന ദിനമായ ഡിസംബര്‍ 29 ലെ ചടങ്ങുകളും നിശാ ഗന്ധിയിൽ തന്നെയാണ് നടക്കുന്നത്.