കിഴക്കൻ ജർമനിയിലെ മാഗ്ഡെബർഗിലെ ക്രിസ്മസ് ചന്തയിലേക്ക് കാർ ഇടിച്ചുകയറിയുണ്ടായ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. 68 ഓളം പേർക്ക് പരിക്കേറ്റു. ഇതിൽ 15 പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ ഒരാൾ ഒരു കുട്ടിയാണ്. പ്രാദേശിക സമയം വൈകിട്ട് ഏഴുമണിയോടെ കറുത്ത ബി. എം. ഡബ്യൂ. കാർ ആൾക്കൂട്ടത്തിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു.
ആൾക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറിയ കാർ 400 മീറ്ററോളം ഓടിയാണ് നിന്നത്. പൊലീസ് കാർ ഡ്രൈവറെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായയാൾ സൗദി അറേബ്യയിൽ നിന്നുള്ള 50 കാരനാണ്. 2006 ൽ ജർമനിയിലെത്തിയ അദ്ദേഹം ഡോക്ടറായി ജോലിചെയ്തിരുന്നതായി പറയപ്പെടുന്നു. നൂറോളം അഗ്നിശമന സേനാംഗങ്ങളെയും 50 രക്ഷാപ്രവർത്തകരെയും സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്ന് മാഗ്ഡെബർഗ് നഗരത്തിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറയുന്നു.
സംഭവം ഭീകരാക്രമണമാണോ എന്ന് സംശയിക്കുന്നതായി പ്രാദേശിക സർക്കാർ വക്താവ് പറഞ്ഞു. ക്രിസ്മസ് മാർക്കറ്റിലൂടെ ഉഴുതുമറിച്ച വാഹനത്തിൽ സ്ഫോടകവസ്തുക്കൾ ഉണ്ടായിരിക്കാമെന്ന് സംശയം തോന്നിയെങ്കിലും പരിശോധനയിൽ ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട് എന്ന് അധികൃതർ വ്യക്തമാക്കി.