Monday, November 25, 2024

ഇറാനില്‍ രണ്ട് ചലച്ചിത്ര താരങ്ങള്‍ പോലീസ് കസ്റ്റഡിയില്‍

ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കെതിരെയുളള അടിച്ചമര്‍ത്തല്‍ തുടരുന്നതിനിടെ രണ്ട് പ്രമുഖ അഭിനേതാക്കളെ കസ്റ്റഡിയിലെടുത്ത് ഇറാന്‍ പോലീസ്. ‘പ്രകോപനപരമായ’ സോഷ്യൽ മീഡിയ പോസ്റ്റുകളിട്ടെന്ന പേരിലാണ് ഹെൻഗമേ ഗാസിയാനി, കതയൂൻ റിയാഹി എന്നിവരെ കസ്റ്റഡിയിലെടുത്തത്.

തിരക്കേറിയ തെരുവില്‍ നിന്ന് ശിരോവസ്ത്രം നീക്കം ചെയ്യുന്ന 52 കാരിയായ സിനിമാതാരത്തിന്‍റെ വീഡിയോ പ്രചരിച്ചതിനെത്തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുക്കുയായിരുന്നു. ഒരു ഷോപ്പിംഗ് സ്ട്രീറ്റിൽ ചിത്രീകരിച്ചതായി തോന്നുന്ന വീഡിയോയിൽ, ഹിജാബ് ധരിക്കാതെ ക്യാമറയ്ക്ക് അഭിമുഖമായി നിൽക്കുന്നതും പിന്നീട് തിരിഞ്ഞ് തലമുടി പോണിടെയിലിൽ കെട്ടുന്നതും കാണിക്കുന്നതുമാണുള്ളത്.

‘ഒരുപക്ഷേ ഇത് എന്റെ അവസാന പോസ്റ്റായിരിക്കും, , ഈ നിമിഷം മുതൽ, എനിക്ക് എന്ത് സംഭവിച്ചാലും, എല്ലായ്പ്പോഴും എന്നപോലെ, എന്റെ അവസാന ശ്വാസം വരെ ഞാൻ ഇറാനിയൻ ജനതയ്‌ക്കൊപ്പമാണെന്ന് അറിയുക’ പോലീസ് കസ്റ്റഡിയിലായതിന് ശേഷം ഹെൻഗമേ ഗാസിയാനി തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഇതേ കാരണം ചൂണ്ടിക്കാട്ടി കതയോൻ റിയാഹിയും അറസ്റ്റിലായതായിട്ടാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഹിജാബ് ധരിക്കാതെ, ലണ്ടൻ ആസ്ഥാനമായുള്ള ഇറാൻ ഇന്റർനാഷണൽ ടിവിക്ക് കതയൂൻ അഭിമുഖം നൽകിയതിനാണ് കസ്റ്റഡിയിലെടുത്തത്. അഭിനയത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയയാളാണ് റിയാഹി.

രണ്ട് മാസത്തിലേറെയായി നടക്കുന്ന പ്രക്ഷോഭങ്ങൾ രാജ്യത്ത് കലാപം സൃഷ്ടിക്കാൻ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്നാണ് സർക്കാർ നിലപാട്. ശത്രുക്കളാണ് പ്രക്ഷോഭകാരികളെ പ്രോത്സാഹിപ്പിക്കുന്നതെന്നും സർക്കാർ ആരോപിക്കുന്നു. ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന് ഇതുവരെ ആറ് പേരെയാണ് ഇറാൻ ഭരണകൂടം വധശിക്ഷക്ക് വിധിച്ചത്.

Latest News