Monday, November 25, 2024

ഏഷ്യയില്‍ അഞ്ച് ക്രിസ്ത്യാനികളില്‍ രണ്ടുപേര്‍ വീതം അനുദിനം പീഡനങ്ങള്‍ നേരിടുന്നു: ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുമായി ഓപ്പണ്‍ ഡോര്‍സ്

ലോകത്തിലെ ഏറ്റവും വലിയ പ്രദേശമായ ഏഷ്യയില്‍ അഞ്ചില്‍ രണ്ടു ക്രൈസ്തവര്‍ മതപരമായ കാരണങ്ങളാല്‍ ഉയര്‍ന്ന തോതിലുള്ള പീഡനവും വിവേചനവും അനുഭവിക്കുന്നു എന്ന് ഓപ്പണ്‍ ഡോര്‍സ്. ആഗോളതലത്തില്‍, 365 ദശലക്ഷത്തിലധികം ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുന്നു എന്നും കഴിഞ്ഞ 31 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത് എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. 2022 ഒക്ടോബര്‍ മുതല്‍ 2023 സെപ്തംബര്‍ വരെയുള്ള കാലയളവിലെ സര്‍വേ റിപ്പോര്‍ട്ട് ഇന്നലെയാണ് പ്രസിദ്ധീകരിച്ചത്.

ആക്രമണം, പീഡനം, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം തുടങ്ങിയവയും പല ക്രിസ്ത്യാനികളും ജോലിസ്ഥലത്തും ആരോഗ്യം, വിദ്യാഭ്യാസം, ആരാധനാലയങ്ങള്‍ എന്നിവയിലേക്കുള്ള പ്രവേശനത്തിലും വിശ്വാസത്തിന്റെപേരില്‍ നേരിടുന്ന മോശമായ അനുഭവങ്ങളും വര്‍ധിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ’31 വര്‍ഷത്തെ ഗവേഷണത്തില്‍, ക്രിസ്ത്യന്‍വിരുദ്ധ പീഡനങ്ങളില്‍ ക്രമാനുഗതമായ വര്‍ധനവ് ഞങ്ങള്‍ കണ്ടു. 2023 ഒരു റെക്കോര്‍ഡ് വര്‍ഷമായിരുന്നു’ – 2015 മുതല്‍ ഓപ്പണ്‍ ഡോര്‍സിന്റെ ഡയറക്ടര്‍ ക്രിസ്റ്റ്യന്‍ നാനി വെളിപ്പെടുത്തി.

നൂറോളം രാജ്യങ്ങളില്‍ വിശ്വാസികള്‍ മതപരമായ കാരണങ്ങളാല്‍ പീഡനങ്ങള്‍ അനുഭവിക്കുന്നു. ഈ വര്‍ഷം പ്രസിദ്ധീകരിച്ച പട്ടികയില്‍, മുന്‍വര്‍ഷങ്ങളിലെന്നപോലെ ഉത്തര കൊറിയ ഇപ്പോഴും ഒന്നാം സ്ഥാനത്താണ്. തൊട്ടുപിന്നാലെ സൊമാലിയയും ലിബിയയുമുണ്ട്. ‘ഏറ്റവും തീവ്രമായ’ പീഡനം അനുഭവിക്കുന്ന രാജ്യങ്ങളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ പട്ടികയെ അപേക്ഷിച്ച് 11 -ല്‍ നിന്ന് 13 ആയി ഉയര്‍ന്നു.

ഏഷ്യയിലും മിഡില്‍ ഈസ്റ്റിലും ഉത്തര കൊറിയയ്ക്കൊപ്പം യെമന്‍, പാക്കിസ്ഥാന്‍, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, ഇന്ത്യ, സിറിയ, സൗദി അറേബ്യ എന്നീ രാജ്യങ്ങളും പട്ടികയിലുണ്ട്. ആഗോളതലത്തില്‍, ഉപ-സഹാറന്‍ ആഫ്രിക്കയില്‍ അസ്ഥിരത വളരുകയാണ്. ഇത് കൂടുതല്‍ മതപരമായ പ്രേരിതമായ അക്രമത്തിന് കാരണമാകുന്നു. കൂട്ടക്കൊലകളുടെ പ്രഭവകേന്ദ്രമായി നൈജീരിയ ഇന്നും തുടരുന്നു. ഏറ്റവും പുതിയത്, നിര്‍ഭാഗ്യവശാല്‍ ക്രിസ്മസ് ദിനങ്ങളില്‍ നടന്ന കൂട്ട ആക്രമണമാണ്.

ദുരുപയോഗം, ബലാത്സംഗം, നിര്‍ബന്ധിത വിവാഹങ്ങള്‍ എന്നിവ ഈ കാലയളവില്‍ 3,231 ആയി ഉയര്‍ന്നു എന്നത് അസ്വസ്ഥതപ്പെടുത്തുന്ന കാര്യമാണ്. പള്ളികള്‍ക്കെതിരായ ആക്രമണങ്ങളില്‍ ‘അഭൂതപൂര്‍വമായ’ വര്‍ധനവാണ് ഈ കാലയളവില്‍ ഉണ്ടായത്. 2,110-ല്‍ നിന്ന് 14,766 ആയി അത് ഉയര്‍ന്നതായി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

വര്‍ഷങ്ങളായി തുടര്‍ച്ചയായി ഒന്നാം സ്ഥാനത്തു തുടരുന്ന പാക്കിസ്ഥാന്‍ ഏഴാം സ്ഥാനത്താണ്. നൈജീരിയ കഴിഞ്ഞാല്‍, ഏറ്റവും കൂടുതല്‍ ക്രിസ്ത്യന്‍വിരുദ്ധ അക്രമങ്ങള്‍ നടക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാഷ്ട്രമാണ് പാക്കിസ്ഥാന്‍. പട്ടികയില്‍ പതിനൊന്നാം സ്ഥാനത്താണ് ഇന്ത്യ. ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പിനു മുന്നോടിയായി വര്‍ധിച്ചുവരുന്ന ശത്രുതാപരമായ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ആശങ്കകളാണ് ഇന്ത്യയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നത്.

 

Latest News