സൗദി അറേബ്യയിലെ അൽ-ഖർജ് പ്രവിശ്യയിൽ ജനവാസ മേഖലയിൽ മിസൈൽ പതിച്ച് ഒരു മലയാളി ഉൾപ്പെടെ രണ്ട് പേർ മരിച്ചു. ഒരു ശുചീകരണ കമ്പനിയുടെ ലേബർ ക്യാമ്പിന് മുകളിലാണ് ഞായറാഴ്ച മിസൈൽ വന്നു വീണത്. അപകടത്തിൽ മറ്റ് 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും ഇവർക്കെല്ലാം ആവശ്യമായ ചികിത്സ നൽകുന്നുണ്ടെന്നും സൗദി സിവിൽ ഡിഫൻസ് അറിയിച്ചു. മരിച്ചവരുടെ കൃത്യമായ വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിൽ കെട്ടിടങ്ങൾക്ക് വലിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
മേഖലയിൽ ഇറാൻ നടത്തിവരുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങളുടെ ഭാഗമായാണ് ഈ അപകടമെന്നാണ് പ്രാഥമിക നിഗമനം. ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധം ഒൻപതാം ദിവസത്തിലേക്ക് കടന്നതോടെ ഗൾഫ് രാജ്യങ്ങളിലാകെ വലിയ ആശങ്കയാണ് നിലനിൽക്കുന്നത്. സാധാരണക്കാരായ പ്രവാസികൾ താമസിക്കുന്ന ഇടങ്ങളിൽ ആക്രമണം ഉണ്ടായത് വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

