നിർമ്മിതബുദ്ധിയുടെ (എ. ഐ.) അടിസ്ഥാനഘടകമായ മെഷീൻ ലേണിംഗിലെ കണ്ടെത്തലുകൾക്ക് 2024-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം പങ്കിട്ട് പ്രിൻസ്റ്റൺ യൂണിവേഴ്‌സിറ്റി പ്രൊഫസർ ജോൺ ഹോപ്ഫീൽഡും ടൊറന്റോ യൂണിവേഴ്‌സിറ്റിയിലെ കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ ജെഫ്രി ഹിന്റണും. ഇന്ന് വിവിധ ആപ്ലിക്കേഷനുകളിൽ ഉപയോഗിക്കുന്ന എ. ഐ. സാങ്കേതികവിദ്യയ്ക്ക് ഇരുവരുടെയും ഗവേഷണം അടിത്തറയിട്ടു. ലോകംകണ്ട ഏറ്റവും മികച്ച കണ്ടുപിടുത്തം നടത്തിയ ഇവരിൽ, ഹിന്റൻ അറിയപ്പെടുന്നത് ‘ഗോഡ് ഫാദർ ഓഫ് എ. ഐ.’ എന്നാണ്.
‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന നിലയിൽ നാം ഇന്ന് അനുഭവിക്കുന്നതിന്റെ അടിസ്ഥാനശിലകൾ സ്ഥാപിക്കുന്നതിൽ’ ഇരുവരുടെയും പ്രവർത്തനത്തെ നോബൽ കമ്മിറ്റി പ്രശംസിച്ചു. അവരുടെ ഗവേഷണം മെഷീൻ ലേണിംഗ് സിസ്റ്റത്തെ വലിയ അളവിലുള്ള ഡാറ്റ പ്രോസസ്സ് ചെയ്യാനും ആരോഗ്യസംരക്ഷണം, മുഖം തിരിച്ചറിയൽ, ഭാഷാവിവർത്തനം തുടങ്ങിയ മേഖലകളിൽ വിപ്ലവം സൃഷ്ടിക്കാനും പ്രാപ്തമാക്കി.
വ്യാവസായിക വിപ്ലവവുമായി താരതമ്യപ്പെടുത്തുമ്പോൾ എ. ഐ., സമൂഹത്തിൽ അഗാധമായ സ്വാധീനം ചെലുത്തുമെന്ന് ഹിന്റൺ പ്രവചിച്ചു. ഉല്പാദനക്ഷമതയിലും, പ്രത്യേകിച്ച് ആരോഗ്യപരിപാലനത്തിലും കാര്യമായ പുരോഗതി അദ്ദേഹം പ്രവചിക്കുന്നുണ്ടെങ്കിലും ജാഗ്രതയുടെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറയുകയുണ്ടായി.