Friday, November 22, 2024

ബാൾട്ടിക് കടലിലെ കേബിളുകളിലൂടെയുള്ള ഇന്റർനെറ്റ് കൈമാറ്റം തടസപ്പെട്ടു: സംശയത്തിന്റെ മുനയിൽ റഷ്യ

ബാൾട്ടിക് കടലിലെ കേബിളുകളിലൂടെയുള്ള ഇന്റർനെറ്റ് കൈമാറ്റം പെട്ടെന്ന് തടസ്സപ്പെട്ടതായി റിപ്പോർട്ട് ചെയ്ത് പ്രാദേശിക ടെലി കമ്യൂണിക്കേഷൻ കമ്പനികൾ. ഈ കരാറുകളുടെ പിന്നിൽ റഷ്യയാണെന്ന സംശയമാണ് ഇപ്പോൾ ജർമനി ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഉയർത്തുന്നത്.

ലിത്വാനിയയ്ക്കും സ്വീഡനും ഇടയിലുള്ള 218 കിലോമീറ്റർ കമ്യൂണിക്കേഷൻ കേബിളിലാണ് ആദ്യം തകരാർ റിപ്പോർട് ചെയ്യപ്പെട്ടത്. പിന്നീട് ഫിൻലൻഡിനും ജർമനിക്കും ഇടയിലുള്ള 1,170 കിലോമീറ്റർ (730 മൈൽ) ടെലി കമ്യൂണിക്കേഷൻ കേബിളും പ്രവർത്തനരഹിതമായി. ഈ തകരാറുകൾ സ്വാഭാവികമല്ലെന്നും ഇതിനു പിന്നിൽ റഷ്യയാണെന്നും ജർമനി ആരോപിച്ചു. കടലിനടിയിലെ പ്രധാന കേബിളുകൾക്കുനേരെ റഷ്യയുടെ സൈനികപ്രവർത്തനങ്ങൾ വർധിച്ചെന്നു കണ്ടെത്തിയതായുള്ള അമേരിക്കയുടെ റിപ്പോർട്ടാണ് ജർമനിയുടെ ഈ ആരോപണത്തിന് ബലമേകുന്നത്.

“ഈ കേബിളുകൾ അബദ്ധത്തിൽ മുറിഞ്ഞതാണെന്ന് ആരും വിശ്വസിക്കില്ല” എന്ന് ജർമൻ പ്രതിരോധമന്ത്രി ബോറിസ് പിസ്റ്റോറിയസ് ചൊവ്വാഴ്ച വെളിപ്പെടുത്തി. സംഭവത്തെ തുടർന്ന് ഫിൻലൻഡിലെയും ജർമനിയിലെയും ഉദ്യോഗസ്ഥർ, മനഃപൂർവമായ നാശനഷ്ടമുണ്ടാക്കുന്ന ഇത്തരം പ്രവർത്തനത്തിൽ ആശങ്ക പ്രകടിപ്പിച്ചു. ഇന്റർനെറ്റ് സംവിധാനങ്ങളിൽ തകരാർ നേരിട്ടതിനെ ഗുരുതരവീഴ്ചയായി കണ്ടുകൊണ്ട് ഇരു സംഭവങ്ങളും അന്വേഷിക്കുന്നതിനായി മുന്നോട്ടുപോവുകയാണ് ഈ രാജ്യങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News